തൃശൂർ : പൂരപ്പകിട്ട് കുറഞ്ഞെങ്കിലും പൂരം പൂർണ്ണമാക്കാൻ ഘടകപൂരങ്ങൾ വടക്കുംനാഥനിലെത്തി. വഴി നീളെ ഭക്തരുടെ നിറപറകളും തലയെടുപ്പുള്ള കൊമ്പന്മാരും വാദ്യക്കാരും ഒപ്പം ആയിരക്കണക്കിന് തട്ടകക്കാരുമായി ശിവപുരിയിലെത്തിയിരുന്ന ഘടകക്ഷേത്രങ്ങൾ അതെല്ലാം ഓർമ്മയിലൊതുക്കിയാണ് പൂരപ്പറമ്പിലെത്തിയത്. എല്ലാ ഘടകക്ഷേത്രങ്ങളും ഒരാനപ്പുറത്താണ് വടക്കുംനാഥനെ വണങ്ങാനെത്തിയത്. ഒപ്പം അമ്പതിൽ താഴെ ആളുകളും മാത്രമാണുണ്ടായിരുന്നത്.
കണിമംഗലം ശാസ്താവ്
കണിമംഗലം ശാസ്താവ് ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് പൂരത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്. നാഗസ്വരത്തിന്റെ അകമ്പടിയോടെ കുളശ്ശേരി ക്ഷേത്രത്തിലെത്തി ഇറക്കി പൂജകഴിഞ്ഞാണ് വെയിൽ പരക്കും മുമ്പ് ജിതിൻ കല്ലാറ്റാണ് മേളപ്രമാണത്തോടെ തേക്കെ ഗോപുര നടയിലൂടെ വടക്കുംനാഥനിലെത്തിയത്. ക്ഷേത്രം പ്രദക്ഷിണം നടത്താതെ പടിഞ്ഞാറെ നടയിൽ മേളം കൊട്ടി കലാശിച്ച് പുറത്തിറങ്ങി.
കാരമുക്ക് ഭഗവതി
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി രാവിലെ ആറോടെയാണ് വടക്കുംനാഥനിലേക്ക് പുറപ്പെട്ടത്. കുളശ്ശേരി ക്ഷേത്രത്തിലെത്തി അവിടെനിന്ന് പഴുവിൽ രഘുമാരാരുടെ പാണ്ടിമേളത്തോടെ ശ്രീ മൂലസ്ഥാനത്തേക്കെത്തി. പടിഞ്ഞാറെ നട വഴി അകത്ത് പ്രവേശിച്ച് ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം തെക്കേ നടയിലൂടെ പുറത്തേക്ക് കടന്നു.
പനമുക്കുംപിള്ളി ധർമശാസ്താവ്
കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ധർമശാസ്താവ് ഇന്നലെ രാവിലെ ആറരയോടെ വാദ്യമേളങ്ങളോടെ ശിവപുരിയിലേക്ക് യാത്ര തിരിച്ചു. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കിഴക്കേഗോപുരം വഴിയാണ് വടക്കുംനാഥനെ വണങ്ങാനെത്തിയത്.
ചൂരക്കോട്ടുകാവ് ഭഗവതി
ചൂരക്കോട്ടുകാവ് ഭഗവതി രാവിലെ 6.30ന് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഒമ്പതരയോടെ ശ്രീമൂലസ്ഥാനത്തെത്തി പടിഞ്ഞാറെ ഗോപുരം വഴി അകത്ത് പ്രവേശിച്ച് വടക്കുംനാഥനെ വലം വെച്ച് പതിനൊന്നോടെ നടപ്പാണ്ടി കൊട്ടി പാറമേക്കാവിലെത്തി ചടങ്ങുകൾ അവസാനിപ്പിച്ചു.
അയ്യന്തോൾ കാർത്ത്യായനി ഭഗവതി
അയ്യന്തോൾ കാർത്ത്യായനി ഭഗവതി പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് തെക്കേ ഗോപുരം നടവഴിയാണ് വടക്കുംനാഥനിൽ നിന്ന് യാത്രയായത്.
ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി
ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയത് മൂന്നാനകളോടെയായിരുന്നു. പിന്നീട് ഒരാന മാത്രമായി കിഴക്കേ ഗോപുരം വഴി അകത്ത് കടന്ന് വടക്കുംനാഥനെ വണങ്ങി. പിന്നീട് തെക്കോട്ടിറങ്ങി മേളം. പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിലായിരുന്നു മേളം.
ലാലൂർ കാർത്ത്യായനി ഭഗവതി
ലാലൂർ കാർത്ത്യായനി ഭഗവതി പൂരത്തിൽ പങ്കെടുക്കുന്നതിന് രാവിലെ ഏഴിന് ക്ഷേത്രത്തിൽ നിന്ന് ഒരാനപുറത്ത് പുറപ്പെട്ടു. തുടർന്ന് എം.ജി റോഡ് വഴി നടുവിലാലിലൂടെ ശ്രീമൂല സ്ഥാനത്തെത്തി. തുടർന്ന് വടക്കുംനാഥനെ വലം വെച്ച് തെക്കെ ഗോപുരനട വഴി പുറത്തിറങ്ങി.
നെയ്തലക്കാവ് ഭഗവതി
പൂരത്തിന് അവസാനമെത്തുന്ന ക്ഷേത്രമാണ് കുറ്റൂർ നെയ്തലക്കാവ് . രാവിലെ 8.30ന് ക്ഷേത്രത്തിൽ നിന്നിറങ്ങി പതിനൊന്നോടെ നടുവിലാൽ ഗണപതിക്കോവിലിൽ തിടമ്പ് ഇറക്കിവെച്ചു. തുടർന്ന് വീണ്ടും എഴുന്നള്ളിച്ച് പടിഞ്ഞാറെനട വഴി വടക്കുംനാഥനിലെത്തി. പ്രദക്ഷിണത്തിന് ശേഷം തെക്കേ ഗോപുരനട വഴി തിരിച്ചിറങ്ങി.