pooram

തൃശൂർ: ആളും ആരവവുമില്ലെങ്കിലും ഇങ്ങനെയെങ്കിലും പൂരം നടത്താനായല്ലോ എന്ന സംതൃപ്തിയും സന്തോഷവുമുണ്ടെങ്കിലും കൊവിഡ് വ്യാപന ഭീതിയിലായിരുന്നു, ദേശക്കാരും മേളക്കാരും. അടുത്ത വർഷത്തെ പൂരമെങ്കിലും പുരുഷാരം കൊണ്ട് കെങ്കേമമാക്കാൻ വഴിയൊരുക്കണമെന്ന പ്രാർത്ഥന വടക്കുന്നാഥന് മുമ്പിൽ അർപ്പിച്ചായിരുന്നു മടക്കം.
മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരുന്നു ദേശക്കാർ പൂരത്തിനെത്തിയത്. മേളക്കാർ പരസ്പരം അകലം പാലിച്ചായിരുന്നു നിലകൊണ്ടത്.

പുരുഷാരം നിറയുന്ന തേക്കിൻകാട് മൈതാനിയിൽ പൂരനാളിൽ പൊലീസ് മാത്രമായിരുന്നു നിറഞ്ഞത്. ദേവസ്വം ഭാരവാഹികൾ, പൂരം കമ്മിറ്റിക്കാർ, വെടിക്കെട്ട് ജോലിക്കാർ എന്നിവർക്കെല്ലാം പാസ് നൽകി. കഴിഞ്ഞവർഷം എല്ലാം ചടങ്ങായി മാത്രം നടത്തിയ പൂരം സംഘാടകർ ഇത്തവണ ഓരോ ആനയെ വീതം എഴുന്നള്ളിച്ചു. രണ്ടായിരത്തിലധികം പൊലീസുകാരാണ് ഡ്യൂട്ടിക്കായെത്തിയത്. ജില്ലയ്ക്ക് പുറത്ത് കണ്ണൂർ, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലയിലെ സേനാംഗങ്ങളെത്തി. വിവിധ സ്‌കൂളുകളിലാണ് ഇവർക്ക് താമസമൊരുക്കിയിരുന്നത്. എല്ലാവഴികളും അടച്ചിട്ടും പൂരപ്പറമ്പിൽ മാത്രം 700 പൊലീസുകാരെ വിന്യസിച്ചിരുന്നു. ഭക്ഷണം, താമസം, സംവിധാനങ്ങൾ അടക്കം ലക്ഷങ്ങളാണ് പൊലീസിനായി ചെലവഴിച്ചത്. 100ലേറെ ഓഫീസർമാരാണെത്തിയത്. എന്തായാലും ആൾത്തിരക്കിന് മാത്രമേ വിലക്കുണ്ടായിരുന്നുള്ളൂ. ഘടകപൂരങ്ങളും, കാഴ്ചകളുമായി പൂരം മനംനിറച്ചു.


സങ്കടവും സന്തോഷവും നിറഞ്ഞ പൂരമാണിത്. 23 ാം വർഷവും ഇലഞ്ഞിത്തറമേളത്തിന് പ്രമാണം വഹിച്ചു. അത് സന്തോഷം നൽകി. എന്നാൽ ആസ്വാദകരില്ലാതെ പൂരം നടത്തേണ്ടി വന്നതിൽ ദു:ഖം തോന്നി. ഇങ്ങനെയെങ്കിലും നടന്നല്ലോ എന്ന് ആശ്വസിക്കാമെന്ന് മാത്രം. കാണികളില്ലാത്ത പൂരം കാഴ്ചകളില്ലാത്ത കണ്ണു പോലെയാണ്. മേളം കാഴ്ചക്കാർക്കാണ് സമർപ്പിക്കുന്നത്. അവർ ദൃശ്യമാദ്ധ്യമങ്ങളിലൂടെ എല്ലാം കണ്ടതിൽ സന്തോഷം. മേളക്കാർക്ക് കാണികളെ കാണാനാവില്ലല്ലോ. മേളക്കാരുടെ എണ്ണം ഇലഞ്ഞിത്തറ മേളത്തിന് കുറച്ചിട്ടില്ല.

പെരുവനം കുട്ടൻമാരാർ


മഠത്തിൽ വരവിന് അഞ്ചാം തവണയും പ്രാമാണികത്വം വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. ആളില്ലാത്ത പൂരമാണെങ്കിലും ഇങ്ങനെ നടത്തിയതിൽ സന്തോഷം. കലാകാരൻമാർക്ക് ഇതെല്ലാം സംതൃപ്തി നൽകുന്നുണ്ട്. പ്രാമാണികത്വം വഹിക്കാൻ കഴിഞ്ഞതും 35 വർഷം പഞ്ചവാദ്യത്തിന് പങ്കെടുക്കാനായതും ഗുരുകാരണവൻമാരുടെ അനുഗ്രഹം കൊണ്ടാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് മേളക്കാർ കുറഞ്ഞെങ്കിലും സംതൃപ്തി മാത്രമാണുള്ളത്.

കോങ്ങാട് മധു.