മാള: മുസ്‌രിസ് പദ്ധതിയുടെ ഭാഗമായി മാള യഹൂദ ശ്മശാനത്തിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിച്ചില്ലെന്ന് ആക്ഷേപം. പദ്ധതി പ്രകാരം നിർമ്മാണം നടത്തിയില്ലെന്നും അതുകൊണ്ടുതന്നെ കരാറുകാരന് മുഴുവൻ പണവും നൽകരുതെന്നും കാണിച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ പരാതി നൽകി. എഴുന്നൂറ് മീറ്റർ ചുറ്റുമതിൽ അഞ്ചടി ഉയരത്തിൽ നിർമ്മിക്കാനാണ് 90 ലക്ഷം രൂപ അനുവദിച്ചിരുന്നത്. എന്നാൽ 580 മീറ്റർ ചുറ്റുമതിലും കവാടവും മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. നിർമ്മാണത്തിൽ അഴിമതി നടന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. നിർമ്മാണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.

മതിൽ നിലവിൽ ഉള്ള സ്ഥലത്ത് മാത്രമേ നിർമ്മാണം നടത്താതിരുന്നിട്ടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിക്ക് 90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണം കഴിഞ്ഞതിന്റെ പണം മാത്രമേ കരാറുകാരന് നൽകുകയുള്ളൂവെന്ന് മുസ്‌രിസ് പദ്ധതി മാനേജിങ് ഡയറക്ടർ നൗഷാദ് അറിയിച്ചു.