വാദ്യക്കാർ 35 പേർ
തൃശൂർ: വാദ്യസദ്യ വിളമ്പിയിട്ടും വിരുന്നുകാരെത്താത്ത പ്രതീതിയായിരുന്നു മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് തുടക്കം കുറിക്കുന്ന ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ആൽമരചുവട്ടിലെ ദൃശ്യം. എഴുപതോളം വരുന്ന പഞ്ചവാദ്യ സംഘം 35 പേരുമായി ചുരുങ്ങിയെങ്കിലും ആ കുറവ് അറിയിക്കാതെ കൊട്ടിക്കയറ്റി നേരിൽ കണ്ടവരെയും ദൃശ്യമാധ്യമങ്ങളിൽ തത്സമയം കണ്ണിമചിമ്മാതെ കണ്ടിരുന്നവരെയും പുതിയൊരു സംഗീതവിസ്മയത്തിലേക്കെത്തിച്ചു.
പഞ്ചവാദ്യത്തിന് വാദ്യക്കാർ അണിനിരക്കും മുമ്പേ ആൽമരചുവട്ടിലും കെട്ടിടങ്ങളിലും സ്ഥാനം പിടിക്കുന്ന പതിവു കാഴ്ച്ചകളില്ല. പകരം പൂരം ഭാരവാഹികളും ഏതാനും പേർ മാത്രം. പക്ഷേ ആവേശം വിതറാൻ വാദ്യകമ്പക്കാർ ഇല്ലെങ്കിലും പഞ്ചവാദ്യത്തിന്റെ മാസ്മരികതയിലേക്ക് ഉയർത്തി മഠത്തിൽവരവ് പഞ്ചവാദ്യം കോങ്ങാട് മധുവും സംഘവും ഗംഭീരമാക്കി.
പാണികൊട്ടി കൃത്യം തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്ത് കയറി തിരുമ്പാടി ഭഗവതി പന്തലിലേക്ക് എത്തിയതോടെ വിശ്വപ്രസിദ്ധമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് കാലമിട്ടു. പ്രമാണി കോങ്ങാട് മധു കാലംനിരത്തി പതികാലത്തിന്റെ മുഖം തുടങ്ങി. തുടർന്ന് തിമിലയിൽ ഒരു താളവട്ടം കൊട്ടി തീർത്തതോടെ മദ്ദളപ്പെരുക്കവും കഴിഞ്ഞ് കൂട്ടിക്കൊട്ട് അരങ്ങേറി. പതികാലവും രണ്ടാം കാലവും കഴിഞ്ഞ് മൂന്നാം കാലവുമായി ,സ്വരാജ് റൗണ്ടിലേക്ക് കടന്നു. തുടർന്ന് താളവട്ടങ്ങൾ പിന്നിട്ട് നടുവിലാലിൽ ഇടക്കാലത്തിന്റെ സൗന്ദര്യമൊരുക്കി. ഇടക്കാലം കലാശിച്ച് മുറുകിയ ഇടക്കാലത്തിൽ താളവട്ടം കൊട്ടി തിരുവമ്പാടി ദേവസ്വം ഓഫീസിനു മുന്നിലെത്തി. കൂട്ടിപ്പെരുക്കി തൃപുടയിലേക്ക് കാലം മാറിയതിനുശേഷം വാദ്യക്കാർ നായ്ക്കനാലിൽ പ്രവേശിച്ചു. ഈ സമയം ചെറിയ തൃപുടയിലേക്ക് മാറി അവസാനം ഏകതാളത്തിൽ കൊട്ടിക്കലാശിച്ചു. അവസാനം 2.30 ഓടെ കൊട്ടിക്കലാശിക്കുമ്പോൾ ചുറ്റുമുള്ള ആർപ്പുവിളികൾ ഇല്ലാത്തതിന്റെ മ്ലാനത വാദ്യക്കാരുടെ മുഖത്ത് പ്രകടമായി. എന്നിരുന്നാലും കൊവിഡ് മഹാമാരിക്കിടയിലും വാദ്യവിരുന്ന് സമ്മാനിക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ചു കോങ്ങാട് മധുവും കൂട്ടരും.
ഒമ്പത് തിമിലകൾ , അഞ്ച് മദ്ദളം, 9 കൊമ്പ് , 9 താളം, രണ്ട് ഇടയ്ക്ക എന്നിവയാണ് വാദ്യവിസ്മയം തീർത്തത്. കോങ്ങാട് മധുവിനൊപ്പം കരിയന്നൂർ നാരായണൻ നമ്പൂതിരി, അകതിയൂർ ഹരീഷ് നമ്പൂതിരി, തൃപ്രയാർ രമേശ്, ഒറ്റപ്പാലം ഹരി, ഉദയാനപുരം ഹരി, തൃപ്രയാർ മഹേഷ്, കൊരട്ടി സുരേഷ്, മറ്റൂർ വിഷ്ണു എന്നിവർ തിമിലയിൽ കോങ്ങാട് മധുവിനൊപ്പം ഉണ്ടായി. ചെർപ്പുളശേരി ശിവനായിരുന്നു മദ്ദള പ്രമാണി. താളത്തിന് ചേലക്കര സൂര്യനും കൊമ്പിന് മച്ചാട് രാമചന്ദ്രനും എടയ്ക്കയ്ക്ക് തിച്ചുർ മോഹനനും പ്രമാണം വഹിച്ചു.