കൊടുങ്ങല്ലൂർ: താലൂക്ക് ഗവ.ആശുപത്രിയിലും എടവിലങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിലും വെള്ളിയാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ 124 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയ 71 പേർക്കും എടവിലങ്ങിൽ പിശോധനക്ക് വിധേയരായ 53 പേർക്കുമാണ് രോഗവിവരം സ്ഥിരീകരിച്ചത്. എടവിലങ്ങിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൊടുങ്ങല്ലൂർ നഗരസഭയിലും എറിയാട് പഞ്ചായത്തിലും രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്ത് 24 പേരും എറിയാട് പഞ്ചായത്തിൽ 22 പേരും രോഗബാധിതരായി. ശ്രീനാരായണപുരം പഞ്ചായത്തിൽ 12 പേർക്ക് രോഗം ബാധിച്ചു. ഇവിടെ പരിശോധിച്ച എടവിലങ്ങ് പഞ്ചായത്തിൽ നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂർ മേഖലക്ക് പുറത്ത് നിന്നുമെത്തി സ്രവ പരിശോധന നടത്തിയ ഒമ്പത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 171 പേരാണ് ഇന്ന് കൊടുങ്ങല്ലൂരിൽ ആന്റിജൻ പരിശോധനക്ക് വിധേയരായത്. എടവിലങ്ങ് പഞ്ചായത്തിൽ ആന്റിജൻ പരിശോധനയ്ക്ക് എത്തിയ പകുതി പേർക്കും രോഗം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എടവിലങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 53 പേർക്ക് രോഗം സ്ഥിരീകരിച്ചു.106 പേരാണ് സ്രവ പരിശോധനക്ക് ഇവിടെ വിധേയരായത്.