kadukerriya-nilayil
തിയറ്റർ സമുച്ചയത്തിന് കണ്ടെത്തിയ സ്ഥലം കാടുകയറിയ നിലയിൽ

കൊടുങ്ങല്ലൂർ: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ കൊടുങ്ങല്ലൂരിൽ സിനിമാ തിയേറ്റർ നിർമ്മിക്കുന്ന പദ്ധതി എങ്ങുമെത്തിയില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും ശിൽപി തിയറ്റർ പ്രവർത്തിച്ചിരുന്നതുമായ 67 സെന്റ് സ്ഥലമാണ് തിയേറ്റർ സമുച്ചയത്തിനായി കോർപറേഷന് കൈമാറുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്ഥലം ഇപ്പോൾ കാടുകയറിയിരിക്കുകയാണ്.

2018 ഒക്ടോബർ 9ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഈ സ്ഥലം തിയറ്റർ നിർമ്മാണത്തിനായി വിട്ടുകൊടുക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. തീരുമാനത്തിന്റെ കോപ്പി നഗരസഭാ അധികൃതർ കോർപറേഷന്റെ അക്കാലത്തെ ചെയർമാൻ ലെനിൻ രാജേന്ദ്രന് കൈമാറുകയും ചെയ്തു. തിയറ്റർ ആരംഭിച്ചു കഴിഞ്ഞാൽ ലാഭത്തിന്റെ നിശ്ചിത വിഹിതം നഗരസഭയ്ക്ക് ലഭിക്കുന്ന വിധത്തിലുള്ളതായിരുന്നു കരാർ. മൂന്ന് തിയറ്ററുകളുള്ള മൾട്ടിപ്പിൾ തിയറ്റർ കോംപ്ലക്‌സ് ചലച്ചിത്ര വികസന കോർപറേഷൻ നിർമ്മിക്കുവാനും തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക തടസ്സത്തിൽ കുരുങ്ങി പദ്ധതി നീണ്ടുപോയി. ഇതിനിടെ കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ മരണമടഞ്ഞു. കൊവിഡ് വ്യാപനമുണ്ടാകുക കൂടി ചെയ്തതോടെ പദ്ധതി ഫയലിലൊതുങ്ങി.

കൊവിഡിനെ തുടർന്ന് സിനിമാശാലകൾ അടച്ച കൂട്ടത്തിൽ ശിൽപി തിയറ്ററും അടച്ചു പൂട്ടി. ഇപ്പോൾ കാടുപിടിച്ച് ഉപയോഗശൂന്യമായ നിലയിലാണ് പദ്ധതി പ്രദേശം.

മൾട്ടിപ്ലക്‌സ് തിയറ്റർ സമുച്ചയ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് കാലതാമസം കൂടാതെ തിയറ്റർ സമുച്ചയ നിർമ്മാണം ആരംഭിക്കും.

- കെ.ആർ ജൈത്രൻ (നഗരസഭാ വൈസ് ചെയർമാൻ)