വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് വടക്കാഞ്ചേരി നഗരസഭയിൽ കമ്മ്യൂണി കിച്ചൺ വീണ്ടും ആരംഭിക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോൺസിബിലിറ്റി ടീം പുനഃസംഘടിപ്പിക്കുന്നതിനും തീരുമാനമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ആൾ താമസമില്ലാത്ത വീടുകൾ കണ്ടെത്തി ക്വാറന്റൈൻ സൗകര്യം ഒരുക്കും. നഗരസഭയിലെ പത്ത് സെന്ററുകളിൽ ഇന്നു മുതൽ കൊവിഡ് പ്രതിരോധ പ്രവർത്തന യോഗങ്ങൾ സംഘടിപ്പിക്കും. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഷീല മോഹൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാഷൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ എന്നിവർ പങ്കെടുത്തു.