തൃശൂർ: തേക്കിൻകാട്ടിൽ നാല് മിനിറ്റിൽ മിന്നിമറഞ്ഞ് പച്ചയും... ചുവപ്പും...നിറങ്ങൾ, കൊവിഡ് മഹാമാരി കാലത്തെ അതിജീവനക്കാഴ്ചയായി തൃശൂർ പൂരം കുടമാറ്റം. ആൾക്കൂട്ടം ഒഴിഞ്ഞതോടെ കുടമാറ്റം പ്രദർശനത്തിലൊതുക്കി. 15 ആനകളുമായി പാറമേക്കാവ് വിഭാഗവും ഒരാനപ്പുറത്ത് തിരുവമ്പാടിയും എത്തിയപ്പോൾ അത് കുടമാറ്റത്തിലെ പതിവ് കാഴ്ചകളായിരുന്നില്ല.
ആൾക്കൂട്ടമില്ലാത്ത തേക്കിൻകാട്ടിൽ രണ്ടിടങ്ങളിലായി ഇരുവിഭാഗങ്ങളിലെയും മേളക്കാരും പൂരക്കാരും ഉദ്യോഗസ്ഥരും മാത്രം. ഇലഞ്ഞിത്തറ മേളം പൂർത്തിയാക്കി അഞ്ചേകാലോടെയാണ് പാറമേക്കാവ് വിഭാഗം വടക്കുംനാഥനിൽ നിന്നും തെക്കോട്ടിറങ്ങിയത്. ഗോപുരമിറങ്ങുമ്പോൾ തന്നെ കുടകൾ മാറ്റി പാറമേക്കാവ് വിഭാഗം പ്രദർശനം തുടങ്ങി. ചുവപ്പും പല വർണ്ണങ്ങളും, ചന്ദനവും, പിങ്കും അങ്ങനെ... മാറ്റിയത് എട്ട് കുടകൾ... ആനകൾ സ്വരാജ് റൗണ്ടിലെത്തി പാറമേക്കാവ് പത്മനാഭൻ രാജാവിനെ വലംവെച്ച് മടങ്ങിയെത്തി തിരുവമ്പാടി വിഭാഗത്തിനായി കാത്തു നിന്നു.
ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലുള്ള മേളം കഴിഞ്ഞ് തിരുവമ്പാടി വടക്കുന്നാഥനിൽ കയറി. അഞ്ചരയോടെ തെക്കേഗോപുര വാതിലിന് മുന്നിൽ പച്ചക്കുടയുയർന്നു പുറത്തേക്കെഴുന്നള്ളിപ്പിന്റെ അടയാളമറിയിച്ചു. പിന്നാലെ ചന്ദ്രശേഖരന്റെ മസ്തകമേറി തിരുവമ്പാടി ഭഗവതിയുടെ തെക്കോട്ടിറക്കം. ചുവപ്പ് കുടയുയർത്തിയ പാറമേക്കാവിന് പച്ചയുയർത്തി തിരുവമ്പാടി മറുപടി നൽകി. പിന്നാലെ മറുഭാഗം പച്ചയുയർത്തിയപ്പോൾ ഇവിടെ ചുവപ്പും നിവർത്തി. മേളത്തിനിടയിൽ നാല് മിനിറ്റിൽ അവസാനിപ്പിച്ച പ്രതീകാത്മക കുടമാറ്റം കഴിഞ്ഞ് തിരുവമ്പാടിയും മടങ്ങി. നേരത്തെ പാറമേക്കാവിന്റെ പുറപ്പാടിനിടയിലും തിരുവമ്പാടിയുടെ ശ്രീമൂലസ്ഥാനത്തും കുടമാറ്റം നടന്നു. രാത്രിയിൽ കർഫ്യൂ ഉണ്ടെങ്കിലും പൂരം എഴുന്നള്ളിപ്പിന് പ്രത്യേക അനുമതി നൽകിയിരുന്നതിനാൽ ചടങ്ങുകൾ നടന്നു.
വീട്ടിലിരുന്ന് പൂരം നെഞ്ചേറ്റി ജനം
തൃശൂർ: തൃശൂർ പൂരം എന്നാൽ മതിവരാക്കാഴ്ചകൾ സമ്മാനിക്കുന്ന മണിക്കൂറുകളാണ്. എന്നാൽ ഇത്തവണ അരങ്ങേറിയത് കരുതൽ പൂരമായതോടെ പൂരക്കാഴ്ചകളില്ലാത്ത പൂരമായി. പ്രദക്ഷിണ വഴികളിൽ ഒഴുകിയെത്തുന്ന പുരുഷാരത്തിന് ഇക്കുറി കൊവിഡ് വിലങ്ങു തടിയായപ്പോൾ പൂരാരവം കൊടിമുടി കയറിയില്ല. പൂരം പൂത്തുലയുന്ന ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, മഠത്തിൽ വരവുമൊക്കെ ഗംഭീരമായിരുന്നുവെങ്കിലും സജീവമായിരുന്നില്ല. അന്തരീക്ഷത്തിൽ മുഴങ്ങുന്ന ആർപ്പുവിളികളും ആരവങ്ങളും ഉണ്ടായില്ല. ചമയ പ്രദർശനം ഇല്ലാത്തതിനാൽ പൂരത്തലേന്ന് കുടുംബവുമായി ഇറങ്ങാറുള്ള പതിവുമുണ്ടായില്ല. അതേസമയം നിറഞ്ഞ മനസോടെ പൂരപ്രേമികൾ പൂരം കണ്ടു. ഘടക പൂരം വരവ് മുതൽ ചടങ്ങിലൊതുക്കിയ കുടമാറ്റം വരെ വീട്ടിൽ ചടഞ്ഞിരുന്ന് ചാനലുകളിലൂടെ ജനങ്ങൾ നെഞ്ചിലേറ്റി.
ആയിരങ്ങൾ ഒഴുകിയെത്തുന്ന പൂരത്തിന് അന്നത്തിനുള്ള വകയുണ്ടാക്കാനെത്തുന്ന ഇതര സംസ്ഥാന കച്ചവടക്കാരും ഇക്കുറിയുണ്ടായില്ല. തെക്കെ ഗോപുരനടയുടെ ഭൂരിഭാഗവും കൈയടക്കിയിരിക്കുന്ന ബലൂൺ വിൽപ്പനക്കാരും ഉണ്ടായില്ല. കാണികളേറെയുണ്ടായിരുന്ന നാടോടിക്കൂട്ടത്തിന്റ സർക്കസുകാരും പൂരപ്പറമ്പിലേക്കെത്തിയില്ല. തേക്കിൻകാടിന് പുറത്ത് കാൽനട വഴിയിൽ സ്ഥാനം പിടിക്കാറുള്ള കൈനോട്ടക്കാർ പൂരത്തലേന്ന് നഗരത്തിലെത്തിയെങ്കിലും അവരെ പൊലീസ് പറഞ്ഞു വിട്ടു.