കൊടുങ്ങല്ലൂർ: നഗരസഭയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന് വന്നിരുന്ന കൊവിഡ് വാക്‌സിൻ നൽകൽ സാങ്കേതിക തടസങ്ങൾ പറഞ്ഞ് നിറുത്തിവെച്ച വിഷയത്തിൽ നഗരസഭ അടിയന്തര കൗൺസിൽ വിളിച്ചുചേർത്ത് ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ഡി.ടി വെങ്കിടേശ്വരന്റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാരാണ് ചെയർപേഴ്‌സണ് നിവേദനം നൽകിയത്. നഗരസഭാ പരിധിയിലെ ആശുപത്രികളിൽ നൽകിവന്നിരുന്ന വാക്‌സിനേഷൻ വെള്ളിയാഴ്ച മുതൽ നിറുത്തിവച്ചിരുന്നു. കൗൺസിലർമാരായ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ ജയദേവൻ, ടി.എസ് സജീവൻ, രശ്മി ബാബു, ശാലിനി വെങ്കിടേഷ്, സുമേഷ് തുടങ്ങിയ കൗൺസിലർമാരാണ് നിവേദനം നൽകിയത്.