പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ 145-ാം മാദ്ധ്യസ്ഥ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിക്കും. കൊവിഡ് മാനദണ്ഡങ്ങൾക്കും പൊലീസ് അധികൃതരുടെ നിർദ്ദേശങ്ങൾക്കും അനുസരിച്ച് ആഘോഷിക്കാൻ തീരുമാനിച്ചതായി തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോൺസൺ ഐനിക്കൽ അറിയിച്ചു. ശനിയാഴ്ച രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ കാർമികനാകും. വൈകീട്ട് 5.30ന് കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് തുമ്പൂർ ഇടവക വികാരി റവ. ഫാ. ജോണി മേനാച്ചേരി നേതൃത്വം നൽകും.

ഞായറാഴ്ച രാവിലെ ഒമ്പതിന് ഇംഗ്ലീഷ് കുർബാനയും ഉച്ചയ്ക്കുശേഷം മൂന്നിനും നാലിനും കുർബാനകൾ ഉണ്ടായിരിക്കും. രാവിലെ ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് തൃശൂർ ഡോളേഴ്‌സ് ബസിലിക്ക വികാരി ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികനാകും. തിരുന്നാൾ സന്ദേശം മേരിമാതാ മേജർ സെമിനാരി പ്രൊഫസർ ഫാ. വിൻസെന്റ് ആലപ്പാട്ട് നിർവഹിക്കുന്നതാണ്. വൈകീട്ട് നാലിനുള്ള ദിവ്യബലിയെ തുടർന്ന് തിരുന്നാൾ പ്രദക്ഷിണം കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തുന്നതാണ്. തുടർന്ന് വൈകീട്ട് ഏഴിനും ദിവ്യബലി ഉണ്ടായിരിക്കും.