തൃപ്രയാർ: വലപ്പാട് ബീച്ചിൽ നിയന്ത്രണം വിട്ട മത്സ്യബന്ധന ബോട്ട് ഇടിച്ചുകയറി. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മുനമ്പത്ത് നിന്ന് 14 മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽ പെട്ടത്. മുനമ്പം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മലയാളികൾക്ക് പുറമെ ബംഗാളി, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഒരാഴ്ചക്കുശേഷം മുനമ്പത്ത് തിരിച്ചെത്തേണ്ട ബോട്ട് മണിക്കൂറുകൾക്ക് ശേഷം നിയന്ത്രണം വിട്ട് വലപ്പാട് ബീച്ചിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തീരത്ത് മണലിൽ താഴ്ന്ന നിലയിലാണ് ബോട്ട്. സ്രാങ്ക് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തിൽ തെറിച്ചുവീണ മത്സ്യത്തൊഴിലാളികളിൽ തമിഴ്‌നാട് സ്വദേശിയായ സെൽവദാസന് നെഞ്ചിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. അപകടവിവരം അറിഞ്ഞയുടൻ അഴീക്കോട് നിന്ന് തീരദേശ പൊലീസും വലപ്പാട് പൊലീസും സ്ഥലത്തെത്തി.