തൃശൂർ: ഇന്നലെ പുലർച്ചെ തിരുവമ്പാടിയുടെ പഞ്ചവാദ്യം നടക്കുന്നതിനിടെ ആൽമരം ഒടിഞ്ഞു വീഴുമ്പോൾ അതിനുള്ളിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട തിമില കലാകാരൻ തൃപ്രയാർ രമേശൻ മാരാർ നടുക്കം വിട്ടു മാറാത്ത അവസ്ഥയിലാണ്.
" പഞ്ചവാദ്യത്തിന്റെ രണ്ടാം കാലം തുടങ്ങി ഇടയ്ക്കയിൽ കൂട്ടിക്കൊട്ട് നടക്കുന്നതിനിടയിലാണ് വലിയൊരു ശബ്ദം കേട്ടത്.
ഇടയ്ക്ക കൂട്ടിക്കൊട്ടായതിനാൽ മറ്റെല്ലാ വാദ്യക്കാരും താളം പിടിച്ചു നിൽക്കുകയായിരുന്നു. ശബ്ദം കേട്ടതോടെ എല്ലാവരും മുകളിലേക്ക് നോക്കി. അതിന് മുമ്പ് തന്നെ ആൽമരം വീണു. എങ്ങോട്ട് ഓടണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാത്ത നിമിഷം ". രമേശൻ ആ നിമിഷങ്ങൾ ഓർക്കുന്നു.
" ആളുകൾ കുറവായതിനാൽ ഓടുന്നതിനിടയിൽ ഒരു പോറൽ പോലും ഏറ്റില്ല. വലിയൊരു ദുരന്തമാണ് ഒഴിവായത്. ദൈവാധീനം, അല്ലാതെ എന്താണ് പറയുക. തിരുവമ്പാടി ഭഗവതിയുടെയും തൃപ്രയാർ തേവരുടെയും കൃപ. തന്റെ ഇടത്തും വലത്തും നിന്നിരുന്ന കരിയന്നൂർ ഹരീഷ് നമ്പൂതിരി, ഉദയനാപുരം ഹരി എന്നിവർക്ക് പരിക്കേറ്റു. മറ്റ് നിരവധി വാദ്യക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പ്രമാണം വഹിച്ച മധുവേട്ടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു"വെന്നും രമേശ് കേരള കൗമുദിയോട് പറഞ്ഞു.
വിട പറഞ്ഞത് പൂരത്തെ നെഞ്ചേറ്റിയവർ
തൃശൂർ: പൂരത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച രാധാകൃഷ്ണനും രമേശനും പൂരത്തെ നെഞ്ചേറ്റിയവർ. പൂരക്കാലമായാൽ ഇരുവർക്കും വിശ്രമമില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി പൂരത്തിലെ സജീവ സാന്നിദ്ധ്യമാണ് ഇരുവരും. തിരുവമ്പാടി ദേവസ്വം ഭരണ സമിതി അംഗമാണ് രാധാകൃഷ്ണൻ. രമേശ് പൂരവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന ആഘോഷ കമ്മിറ്റി അംഗമാണ്.
ഇരുവരും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി പൂരം പാസുമായി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അപകടത്തിന് മുമ്പ് തിരുവമ്പാടി ഓഫീസിലെ ചമയങ്ങൾ നോക്കിവയ്ക്കുന്നതിനിടെയായിരുന്നു സുഹൃത്തുകളുടെ സ്നേഹ നിർബന്ധത്തിന് വഴങ്ങി പഞ്ചവാദ്യം നടക്കുന്ന സ്ഥലത്തേയ്ക്കെത്തിയത്.
മെഡിക്കൽ റെപ്രസെന്റിറ്റീവായ രാധാകൃഷ്ണൻ പൂങ്കുന്നത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഇൻഷ്വറൻസ് എജന്റായ രമേശനും അപ്രതീക്ഷിതമായാണ് അപകട സ്ഥലത്തേയ്ക്ക് എത്തിയത്. അതുവരെ വെടിക്കെട്ട് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാണ് സജീവമായിരുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ 30 വർഷമായി പൂരത്തിനും ക്ഷേത്രത്തിലെ മറ്റ് കാര്യങ്ങൾക്കും സജീവമായി പ്രവർത്തിച്ചിരുന്ന ആളുകളാണ് മരണപ്പെട്ടവർ. അവരുടെ വിയോഗം നികത്താൻ പറ്റാത്തതാണ്.
ചന്ദ്രശേഖരൻ
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്.