guruvayoor

ഗുരുവായൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിലെ വിവാഹം നിറുത്തിവയ്ക്കാനുള്ള തീരുമാനം ദേവസ്വം മാറ്റി. ഓരോ സംഘത്തിലും 12 പേർ മാത്രമായി വിവാഹം നടത്താം. 12 പേരിൽ കൂടുതൽ ആളുകളെ ക്ഷേത്രനടപ്പന്തലിലേക്ക് പ്രവേശിപ്പിക്കില്ല.

ശനിയാഴ്ച ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ 41 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നു. ഇന്ന് 121 വിവാഹങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. മേയ് ഒമ്പത്, 23 തീയതികളിലേക്കും 100ലേറെ വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്തംബർ 30 വരെ ബുക്കിംഗ് പൂർത്തിയായി. വിവാഹത്തിനെത്തുന്നവർ കൊവിഡ് നിയന്ത്രണം പാലിക്കണം.

ഓൺലൈൻ വഴിയുള്ള ദർശനം 1000 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാത്രിയിലെ കൃഷ്ണനാട്ടവും നിറുത്തി. പുലർച്ചെ 4.30 മുതൽ വൈകിട്ട് 6.30 വരെ ചുറ്റമ്പലത്തിൽ വലിയ ബലിക്കല്ലിന് സമീപം നിന്ന് തൊഴാം. നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ആനക്കോട്ടയിലും സന്ദർശകരെ അനുവദിക്കില്ല.

പരാതി വന്നു, വിലക്ക് നീങ്ങി

ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം കഴിഞ്ഞ വ്യാഴാഴ്ച മുതൽ വിവാഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതി ഉണ്ടായതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ജില്ലാ ഭരണകൂടം നിലപാട് മാറ്റുകയും ദേവസ്വം വിലക്ക് പിൻവലിക്കുകയുമായിരുന്നു.