തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവാക്കാനെത്തിച്ച മൂന്നരക്കോടി കള്ളപ്പണം ദേശീയ പാർട്ടിയുടെ നേതാക്കൾ തട്ടിയെടുത്തത് കണ്ണൂർ കല്ല്യാശ്ശേരിയിലെ ഗുണ്ടയെ ഉപയോഗിച്ചാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാൾ തൃശൂരിൽ എത്തുംവരെ പണം കൊണ്ടുവന്ന വാഹനം ജില്ലാ നേതാക്കൾ പിടിച്ചിട്ടു.
രാത്രിയാത്ര അപകടകരമാണെന്നു പറഞ്ഞ് രണ്ട് നേതാക്കൾ ഡ്രൈവറെ തൃശൂരിൽ താമസിപ്പിച്ചു. പണം കൊണ്ടുവന്ന വാഹനം അന്ന് കടത്തിവിടില്ലെന്ന് ഉറപ്പാക്കിയിട്ട് ഇവർ പാർട്ടിയുടെ വിശ്വസ്തനായ ഗുണ്ടയെ ബന്ധപ്പെട്ടു. ഏപ്രിൽ മൂന്നിന് പുലർച്ചെ രണ്ടരയോടെ ഇയാൾ കാറിൽ തൃശൂരിലെത്തി. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിയായ മറ്റൊരു ഗുണ്ടയെയും ഇതിനിടെ തൃശൂരിലെത്തിച്ചു. രണ്ട് കാറുകളിൽ സഹായത്തിനായി നാല് പേരെയും ഒപ്പം കൂട്ടി. പണവുമായെത്തിയ കാറിന്റെ ഡ്രൈവറെ വെളുപ്പിന് നാലിന് എറണാകുളത്തേക്ക് പറഞ്ഞുവിട്ടു. പിന്നിലായി മൂന്ന് കാറുകളിൽ ഗുണ്ടാസംഘം പിന്തുടർന്നു.
കൊടകരയിലെ മേൽപ്പാലം കഴിഞ്ഞപ്പോൾ പണവുമായി പോകുന്ന കാറിനെ ഗുണ്ടാസംഘത്തിന്റെ ഒരു കാർ മറികടന്നു.
മറ്റ് രണ്ട് കാറുകളാണ് കാറിൽ ഇടിച്ചത്. അപകടം മനസിലാക്കി ഡ്രൈവർ പുറത്തിറങ്ങി. ആ സമയം, ഗുണ്ടാസംഘം കാർ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കാർ ഡ്രൈവർ കോഴിക്കോട് ചേളന്നൂർ കണ്ണങ്കര എ.കെ. വീട്ടിൽ ഷംജീറാണ് കൊടകര പൊലീസിൽ പരാതി നൽകിയത്. കൊള്ള ആസൂത്രണം ചെയ്ത പാർട്ടി നേതാവ് അരമണിക്കൂറിനുള്ളിൽ സ്റ്റേഷനിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചു. പാർട്ടിയിലെ നേതാക്കൾ തന്നെയാണ് സംഭവം പുറത്തറിയിച്ചത്.
വിശദാന്വേഷണം വേണം: സി.പി.എം
കുഴൽപ്പണ കടത്ത്, കവർച്ചാ കേസുകളിൽ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം തൃശൂർ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നതർക്കും ഇതിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എസ്.എം.എസ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന പരാതിയിൽ കൊടകര പൊലീസിന്റെ അന്വേഷണമാണ് മൂന്നരക്കോടിയുടെ കള്ളപ്പണത്തിലെത്തിയത്. എറണാകുളത്തേക്ക് മാത്രം കൊടുത്തുവിട്ട കുഴൽപ്പണത്തിന്റെ കണക്ക് 3.5 കോടിയിലേറെയാണെന്നാണ് വിവരം. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട് സ്വദേശി നൽകിയ പരാതി. ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്ന് ജില്ലാ സെക്രട്ടറി എം.എം വർഗീസ് ആവശ്യപ്പെട്ടു.