മാള: കഴിഞ്ഞ മൂന്ന് മാസമായി സത്യനും ജിബീഷിനും ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു. വീടിന് സമീപത്തെ റോഡിൽ പൊതുമരാമത്ത് ഒരുക്കിയ കെണിയിൽ ഇരകളായ യാത്രക്കാർ വീഴുന്നതാണ് ദിവസങ്ങളായി ഇവരുടെ ഉറക്കം കളഞ്ഞുകൊണ്ടിരുന്നത്. രാത്രി ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് അപകടത്തിൽ വീണ് കിടക്കുന്നവരെ കാണുന്നത്. പിന്നെ അവരെ താങ്ങിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതും ഇവരുടെ ചുമതലയാണ്. പൂപ്പത്തി-വലിയപറമ്പ് പൊതുമരാമത്ത് റോഡിൽ ഏരിമ്മൽ ക്ഷേത്രത്തിന് മുന്നിലെ കലുങ്കിലാണ് അപകടം പതിവായിട്ടുള്ളത്.
മൂന്ന് മാസത്തിനിടയിൽ പത്തിലധികം പേർക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് റോഡിന് കുറുകെ ഒരു കാന നിർമ്മിച്ചതാണ് വിനയായത്. കാനയുടെ ഭാഗം ക്രമാതീതമായി ഉയരത്തിലായതാണ് അപകടക്കെണിയായത്. മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഇവിടെ വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ ചാടി തെറിച്ചു പോകുന്നതാണ് പതിവ്. പകൽ അപകടങ്ങൾ താരതമ്യേനെ കുറവാണ്. എന്നാൽ രാത്രിയായാൽ അവസ്ഥ വളരെ മോശമാണ്.
അശാസ്ത്രീയമായി നിർമ്മിച്ച കാനയുടെ ഉയർച്ച നേരത്തെ തന്നെ പരാതിക്കിടയാക്കിയിരുന്നു. ഇവിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പത്തോളം യാത്രക്കാർക്കായി ലക്ഷങ്ങളാണ് ചികിത്സാ ചെലവായി വന്നിട്ടുള്ളത്. ഗുരുതരമായി പരിക്കേൽക്കാത്ത നിരവധി യാത്രക്കാരാണ് അപകടത്തിൽ പെട്ടിട്ടുള്ളത്. ബൈക്കും യാത്രക്കാരും പലപ്പോഴും തെറിച്ചു വീഴുന്നത് സത്യന്റേയും ജിബീഷിന്റെയും വീടിന് മുന്നിലാണ്. ശബ്ദം കേൾക്കുമ്പോൾ അപകടമാണെന്ന് തിരിച്ചറിഞ്ഞ് ഓടിയെത്തുന്ന ഇവരാണ് രക്ഷകരാകാറുള്ളത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് ഇവർ പറയുന്നത്.