വടക്കാഞ്ചേരി: കൊവിഡ് വ്യാപനം തടയുന്നതിനും ഇതുമൂലം മരണനിരക്ക് കുറയ്ക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി ജോതി എൻജിനിയറിംഗ് കോളേജ് പുതിയ ആപ്പ് തയ്യാറാക്കി. വടക്കാഞ്ചേരി നഗരസഭയിലാണ് ആപൽ ബന്ധു ആപ്പ് നടപ്പിലാക്കുന്നത്.
വീടുകളിൽ ഇരുന്ന് തന്നെ ചികിത്സ തേടാവുന്ന പുതിയ പദ്ധതിയാണ് വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്നത്. രോഗികളുടെ പൂർണ വിവരം ആപ്പിൽ രേഖപ്പെടുത്തണം. ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, ഓക്‌സിജൻ ലെവൽ എന്നിവ ഉപകരണത്താൽ ശേഖരിച്ച ശേഷം ആപ്പിൽ നൽകണം.
ആശാ വർക്കർമാർ, കുടുംബ ശ്രീ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇതിനായി പരിശീലനം നൽകും. ആപ്പ് വഴി വിവരങ്ങൾ ഡോക്ടർമാരിലെത്തിച്ച് ചികിത്സ നടത്തുന്നതാണ് പദ്ധതി. ആശുപത്രികളിൽ പോകാതെ തന്നെ കൊവിഡ് രോഗികൾക്ക് ചികിത്സ ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ വിജയം കണ്ട പദ്ധതി കഴിഞ്ഞ ദിവസം നഗരസഭയിൽ നടന്ന ജാഗ്രതാ സമിതി യോഗത്തിൽ ആപ്പിനെ കുറിച്ച് വിശദ്ധീകരിച്ചു. ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളേജിലെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അസി. പ്രൊഫസർമാരായ ജിനീഷ് കെ.കെ, അശ്വതി വിൽസൺ തുടങ്ങിയവരുടെ കീഴിൽ ഒരു പറ്റം സീനിയർ വിദ്യാർത്ഥികളടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് കഴിഞ്ഞ ഏഴ് മാസത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയിട്ടുള്ളത്.