ചാലക്കുടി: തങ്ങളുടെ കുടുംബത്തിന്റെ ജീവനോപാധിയായ പന്നി കൃഷിയിലെ ലാഭം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്ത് കൊരട്ടി നാലുകെട്ട് തെക്കിനിയത്ത് സന്തോഷും കുടുംബവും. സ്വന്തമായി വളർത്തിയ നാട്ടുപന്നിയെ വിറ്റ് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം ജീവിച്ച് വരുന്നത്.
കൊവിഡ് വാക്‌സിന് കേന്ദ്ര സർക്കാർ വില ഇടാക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്കാണ് എത്തിചേർന്നതെന്ന് സന്തോഷിന്റെ ഭാര്യ വിൻസി പറഞ്ഞു. ഈ പ്രവൃത്തിയിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നാണ് കുടുംബം കരുതുന്നത്. 5000 രൂപയാണ് ഈ നിർദ്ധന കുടുംബം വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്തത്.
കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിന് സംഭാവന കൈമാറി. ചടങ്ങിൽ ഡെന്നീസ് കെ. ആന്റണി, പഞ്ചായത്ത് വികസന സ്ഥിരം സമതി അദ്ധ്യക്ഷൻ അഡ്വ. കെ.ആർ. സുമേഷ്, വാർഡ് മെമ്പർ ജിസ്സി പോൾ എന്നിവർ സന്നിഹിതരായിരുന്നു.