പാവറട്ടി: കണ്ണോത്ത് മുതൽ കോൾ പാടങ്ങളിലൂടെയുള്ള പഴയ 11 കെ.വി. ലൈനിനു പകരം ബണ്ട് റോഡിലൂടെ നാല് കിലോമീറ്ററോളം പുതിയ ലൈൻ നിർമ്മിച്ചു. കെ.എസ്.ഇ.ബി നോർത്ത് സോൺ ചീഫ് എൻജിനിയർ പി.ബി. സിദ്ധാർത്ഥൻ ഉദ്ഘാടനം നിർവഹിച്ചു. ഈ ലൈൻ കോൾ കർഷകരുടെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും ദീർഘകാലത്തെ ആവശ്യമായിരുന്നു.
കോൾ പടവുകളിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന സാഹചര്യങ്ങളിൽ ലൈൻ തകരാറുണ്ടായാൽ വഞ്ചിയിലൂടെയും മറ്റു ദുർഘടകരമായ രീതിയിലും ആയിരുന്നു തകരാർ പരിഹരിച്ചിരുന്നത്. മുൻകാലങ്ങളിൽ ഇവിടെ ജീവനക്കാർക്ക് ജീവഹാനി വരെ ഇത്തരം സാഹചര്യത്തിൽ സംഭവിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ വൈദ്യുതി തകരാറുകളുണ്ടായാൽ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ കഴിയുമെന്ന് കണ്ടശ്ശാംകടവ് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ എം.വി. പ്രദീപ്, വെങ്കിടങ്ങ് അസിസ്റ്റന്റ് എൻജിനിയർ സി.പി. ബെനഡിക്ട് എന്നിവർ അറിയിച്ചു.
48 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ ലൈൻ ചാർജ് ചെയ്തിരിക്കുന്നത്. കോൾ പടവ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് കെ.ഡി. ജോർജ്, വി.ജെ. കൊച്ചപ്പൻ എന്നിവർ സന്നിഹിതരായിരുന്നു. സബ് എൻജിനിയർമാരായ ടി.എസ്. സന്ദീപ്, എ.ആർ. രഞ്ജിത്ത് കുമാർ, ഓവർസിയർമാരായ കെ.വി. ശശി, ടി.വി റോളി തുടങ്ങിയവർ പങ്കെടുത്തു.