പാവറട്ടി: മത്സ്യക്കൃഷിയിലൂടെ കലാസാംസ്‌കാരിക പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുകയാണ് ദേവസൂര്യ. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി പബ്ലിക് ലൈബ്രറിയാണ് വർഷങ്ങളായി സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വയം കണ്ടെത്തി മാതൃകയാകുന്നത്. പരിസ്ഥിതി പ്രവർത്തകനായ സി.എഫ്. ജോർജ്ജിന്റെ കാൽ ഏക്കറോളം വരുന്ന കുളം പാട്ടത്തിനെടുത്താണ് മത്സ്യക്കൃഷി ഇറക്കിയിരിക്കുന്നത്.
തിലോപ്പിയ, നെട്ടർ, വാള, ഗ്രാസ് കാർപ്പ്, കട്‌ള എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതിനകം 250 കിലോ മത്സ്യം വിളവെടുത്തു. ജൈവ പച്ചക്കറി കൃഷിയിൽ പോയ വർഷത്തിൽ ഒരു ടണ്ണോളം പച്ചക്കറിയാണ് ഉത്പാദിപ്പിച്ച് വിപണനം ചെയ്തത്. ഇത്തവണ 250 ഗ്രോബാഗിൽ മുളകും അര ഏക്കറോളം സ്ഥലത്ത് വെണ്ട, വെള്ളരി, കുമ്പളം, കുക്കുബർ എന്നിവയും കൃഷി ചെയ്തുവരുന്നു.
കാലി വളർത്തൽ, വിവാഹ ആവശ്യത്തിനുള്ള സ്റ്റേജ് ഡെക്കറേഷൻ എന്നിവയും ഫണ്ട് സമാഹരണത്തിനുള്ള മറ്റു മാർഗങ്ങളായി ഉപയോഗപ്പെടുത്തുന്നു. സ്വയം പര്യാപ്തമായ ലൈബ്രറിയായ ദേവസൂര്യക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യൂത്ത് കേരള എക്‌സ്പ്രസ് എന്ന സംസ്ഥാന പുരസ്‌കാരവും നെഹ്രു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ് എന്നിവയുടെ ജില്ലാ പുരസ്‌കാരവും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ താലൂക്ക് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
തങ്ങൾക്കു ലഭിച്ച മൂന്നേമുക്കാൽ ലക്ഷം രൂപയുടെ ഈ പുരസ്‌കാര തുകകൾ പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായാണ് ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് എം.ജി. ഗോകുൽ, സെക്രട്ടറി ടി.കെ. സുരേഷ്, ട്രഷറർ റെജിവിളക്കാട്ടു പാടത്തിനൊപ്പം കെ.സി. അഭിലാഷ്, ടി.കെ. സുനിൽ, പി. ജെ. ബൈജു, ശ്രീരാഗ് കരിപ്പോട്ടിൽ, കെ.എസ്. സുജിത്ത് എന്നിവരും വനിതാവേദി, ബാലവേദി, സീനിയർ സിറ്റിസൺസ് ഫോറം പ്രവർത്തകരും പൂർണ്ണ പിന്തുണയുമായി ഒപ്പം സഹകരിച്ചു വരുന്നു.