തൃശൂർ: ആഴ്ചയിൽ രണ്ട് ദിവസം കർശന നിയന്ത്രണം തുടരുന്നതിനിടയിലും കൊവിഡ് കണക്ക് കുതിക്കുന്നു. മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,000 ത്തിലേക്ക് എത്തി. രണ്ടാമത്തെ വലിയ പ്രതിദിന രോഗ ബാധയാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2,871 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പൂരദിനമായ വെള്ളിയാഴ്ചയായിരുന്നു ഏറ്റവും കൂടിയ പ്രതിദിന ബാധ. 2,952 പേർക്കാണ് അന്ന് കൊവിഡ് ബാധിച്ചത്.
7 ദിവസത്തിനുള്ളിൽ 18,517 രോഗികൾ
ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 18,517 കൊവിഡ് കേസുകളാണ്. 42,233 പേർ ജില്ലയിൽ നിലവിൽ ക്വാറന്റൈനിലുണ്ട്. 2,334 പേർ ആശുപത്രിയിലും, 13 പേർ വെന്റിലേറ്ററിലുമാണ്. ഇന്നലെ 11,292 പേരെ പരിശോധിച്ചതിൽ 2,871 പേർക്ക് രോഗം സ്ഥിരീകരിച്ചു.
769 പേർ രോഗമുക്തർ
769 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,458 ആണ്. തൃശൂർ സ്വദേശികളായ 114 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,138 ആണ്. 1,10,016 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 25.43% ആണ്. 14,253 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ചികിത്സയിലുള്ളവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജ് 447
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,170
സർക്കാർ ആശുപത്രികളിൽ 222
സ്വകാര്യ ആശുപത്രികളിൽ 495.
ട്രക്ക് ലോറിയും ലോ ഫ്ളോർ ബസും
കൂടിയിടിച്ച്12 പേർക്ക് പരിക്ക്
കേച്ചേരി : കുന്നംകുളം തൃശൂർ റോഡിലെ കേച്ചേരിയിൽ ട്രക്ക് ലോറിയും കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർക്ക് ഗുരുതരം. പരിക്കേറ്റ ലോറി ഡ്രൈവർ മധുര സ്വദേശികളായ പാണ്ടിയുടെ മകൻ മുത്തു (35), സഹായി കറുപ്പ് സ്വാമിയുടെ മകൻ അരുൺ (24), ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി റാഷിദ് (45), കണ്ടക്ടർ കോഴിക്കോട് സ്വദേശിനി ഷിജിനി (39), അബ്ദുൾ ബാസിക് (35), കോഴിക്കോട് സ്വദേശി നിസാം (26), മലപ്പുറം സ്വദേശി ആഷിക് (40) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എറണാകുളം സ്വദേശി നിസാർ (40) ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിലും മലപ്പുറം ചാക്കോരി മഠത്തിൽ ചന്ദ്രശേഖരൻ (53), കോഴിക്കോട് എരുവാട്ട് ജംഷീർ (30), ആലപ്പുഴ കളപുരയ്ക്കൽ സജീവ് (35), എയ്യാൽ കോമരത്ത് പറമ്പിൽ ഷീജ (45) എന്നിവരെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൂടാതെ മറ്റ് യാത്രക്കാർക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരിൽ ലോറി ഡ്രൈവർ മുത്തു, ബസ് ഡ്രൈവർ റാഷിദ് എന്നിവരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകീട്ട് ആറോടെ കേച്ചേരി തൂവാന്നൂർ പാലത്തിലായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന ബസും എറണാകുളത്തേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ബസിനുള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം കുന്നംകുളം തൃശൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ്, ഫയർഫോഴ്സ് എന്നിവരും എത്തിയിരുന്നു.