വടക്കാഞ്ചേരി: മലബാറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കൊച്ചിൽ പാലം തകർന്നുവീണിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലപ്പഴക്കം മൂലം ഭാരതപ്പുഴയ്ക്ക് കുറുകെ മറ്റൊരു പാലം നിർമ്മിച്ച് ഗതാഗതം അതിലൂടെ തിരിച്ചുവിട്ടതോടെ പഴയ കൊച്ചിൻ പാലം ഉപയോഗമില്ലാതായി.
117 വർഷം കാലപഴക്കമുള്ള കൊച്ചിൻ പാലം 2009ലെ വെള്ളപൊക്കത്തെ തുടർന്നാണ് തകർന്നുവീണത്. 15 കരിങ്കൽ തൂണുകളിൽ നിർമ്മിച്ച പാലത്തിന്റെ അഞ്ചു തൂണുകൾ പിന്നീട് നിലംപൊത്തി. ഭാരതപ്പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ വീണുകിടക്കുന്ന പാലം പൊളിച്ചു മാറ്റാൻ ശ്രമം നടന്നെങ്കിലും പുരാവസ്തു വിഭാഗം അനുമതി നൽകിയില്ല.
കാൽനടയാത്രക്കാർ നടന്നിരുന്ന പാലത്തിൽ നിന്ന് വീണ് ആളുകൾ മരിക്കാനിടയായതോടെ 1981ൽ പാലത്തിലേക്കുള്ള പ്രവേശനം പൊതുമരാമത്ത് വകുപ്പ് കരിങ്കൽ കെട്ടി അടച്ചു. നോക്കുകുത്തിയായ പാലം സംരക്ഷിക്കാൻ കെ. രാധാകൃഷ്ണൻ എം.എൽ.എ ആയിരിക്കെ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
നവീകരിക്കണമെന്ന് ആവശ്യം
തകർന്ന കൊച്ചിൻ പാലം നവീകരിച്ച് ഇരുവശങ്ങളിലും ഇരിപ്പിടം തയ്യാറാക്കി പൂന്തോട്ടവും ദീപാലങ്കാരവും ഒരുക്കി ഭാരതപ്പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാൻ പദ്ധതിയുണ്ടാകണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക നായകരുടെയും ആവശ്യം. വിദേശികൾ അടക്കം നിരവധി സഞ്ചാരികൾ വന്നുപോകുന്ന ചെറുതുരുത്തിയോടു ചേർന്നു കിടക്കുന്ന പാലം നവീകരിക്കുന്നതോടെ വള്ളത്തോൾ പഞ്ചായത്തിന് ഗുണകരമാകുമെന്ന അഭിപ്രായവുമുണ്ട്. പാലക്കാട് - തൃശൂർ ജില്ലകളിലുള്ളവർ ഏറെക്കാലം സഞ്ചരിച്ച കൊച്ചിൻ പാലം പഴയ തനിമ നിലനിറുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചരിത്രത്തിലിടം നേടിയ പാലം
ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്മാരകം കൂടിയാണ് കൊച്ചിൻ പാലം. സ്വാമി വിവേകാനന്ദൻ ഷൊറണൂരിലെത്തിയ ശേഷം കൊച്ചിൻ പാലത്തിൽ കൂടി കാൽനടയായി നടന്നാണ് തൃശൂരിലെത്തിയത്. മഹാകവി വള്ളത്തോൾ നാരായണമേനോൻ ദിവസവും വൈകുന്നേരം പാലത്തിൽ കൂടി നടക്കുന്നത് പതിവായിരുന്നു. കേൾവി കുറവുണ്ടായിരുന്ന വള്ളത്തോൾ എതിരെ വന്നിരുന്ന വാഹനങ്ങളെ അറിയാൻ വലതു ഭാഗം ചേർന്നാണ് പാലത്തിലൂടെ നടന്നിരുന്നത്രെ.
പണ്ട് റെയിൽവേ ഗതാഗതവും കൊച്ചിൽ പാലത്തിൽ കൂടിയായിരുന്നു. പാലക്കാട്ടു നിന്നും ചരക്കുകളായി ട്രെയിനുകൾ എത്തിയിരുന്നതും കൊച്ചിൻ പാലത്തിൽ കൂടിയായിരുന്നു. പ്രകൃതി രമണീയമായ ഭാരതപ്പുഴയുടെ തീരത്ത് കൊച്ചിൻ പാലം അതിന്റെ പഴയ കാല ഓർമ്മകളോടെ നിലനിറുത്തണമെന്ന ആവശ്യം ശക്തമാണ്. വരുന്ന പുതിയ സർക്കാരെങ്കിലും പാലത്തിന്റെ കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കൊച്ചിൻ പാലത്തോടുള്ള വള്ളത്തോൾ നാരായണ മേനോന്റെ അടുപ്പം വള്ളത്തോൾ ചരിത്രത്തിലുണ്ട്.കൊച്ചിൻ പാലം നിലനിറുത്തേണ്ടത് അനിവാര്യമാണ്. വരും തലമുറയ്ക്ക് അതൊരു അറിവായിമാറും.
- രവി വള്ളത്തോൾ, വള്ളത്തോളിന്റെ ചെറുമകൻ