അന്തിക്കാട്: അമൃതം കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴി ശരിയായി മൂടാത്തതിനിടയിൽ അന്തിക്കാട് പാന്തോട് സെന്ററിന് സമീപം പ്രധാന റോഡിന് കുറുകെ മറ്റൊരു കുഴിയെടുത്ത് വാട്ടർ അതോറിറ്റി യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നതായി പരാതി. മാസങ്ങൾക്ക് മുമ്പ് ഒരു ഹൗസ് കണക്ഷൻ നൽകുന്നതിനായാണ് വാട്ടർ അതോറിറ്റി റോഡ് കുറുകെ പൊളിച്ചത്. കണക്ഷൻ നൽകിയതിന് ശേഷം റോഡ് പൂർവ സ്ഥിതിയിലാക്കാതെ ജീവനക്കാർ സ്ഥലം വിട്ടതായി പരിസരവാസികൾ പറയുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്.
കുഴിക്ക് സമീപം എത്തുമ്പോഴാണ് യാത്രക്കാർ റോഡിലെ ഗട്ടർ തിരിച്ചറിയുന്നത്. ഇതിന് പുറമെ അമൃതം കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പിടുന്നതിനായി എടുത്ത കുഴി ശരിയായ രീതിയിൽ മൂടാത്തതിനാൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിനിടയിൽ കുഴിയിലെ വെള്ളം സമീപത്തെ കടകളിലേക്ക് തെറിക്കുന്നതായും പരാതിയുണ്ട്.