കൊടുങ്ങല്ലൂർ: കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം സ്വകാര്യ ബസ് സർവീസുകളെ വീണ്ടും പ്രതിസന്ധിയിലാക്കി. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ജനങ്ങൾ പുറത്തിറങ്ങാതായതോടെ സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ചിരുന്നു.
ഇതിന്റെ പ്രത്യാഘാതത്തിൽ നിന്ന് ഇപ്പോഴും ബസ് ഉടമകളും ജീവനക്കാരും മോചിതരായിട്ടില്ല. ഇതിനിടയിൽ ഇൻഷ്വറൻസും ടാക്‌സും അടയ്ക്കാൻ സാവകാശം നൽകിയെങ്കിലും അത് അടച്ച് തീർക്കാനും ഉടമകൾ വലിയ നഷ്ടം സഹിക്കേണ്ടി വന്നിരുന്നു.
തൊണ്ണൂറ് ശതമാനം ബസുകളും നിരത്തിലിറക്കാതെ ടാക്‌സ് കിഴിവ് ലഭിക്കുന്നതിനായുള്ള ജി ഫോം സമർപ്പിച്ചിരുന്നു. ഒരു വർഷം നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവിൽ ഏപ്രിൽ ആദ്യം മുതലാണ് ബസുകൾ സർവീസ് ആരംഭിച്ചത്. എന്നാലിപ്പോൾ വീണ്ടും ബസുകൾ സർവീസ് നിറുത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. കൊടുങ്ങല്ലൂർ മേഖലയിൽ മാത്രം മുന്നൂറിലധികം ദീർഘ - ഹ്രസ്വ ദൂര ബസുകൾ സർവീസ് നടത്തിയിരുന്നു. ഇവയിൽ പകുതിയോളം ഇതിനകം തന്നെ യാത്ര അവസാനിപ്പിച്ച മട്ടാണ്.