പാവറട്ടി: നെൽക്കർഷകരുടെ ചിരകാല സ്വപ്നമായ കനാൽ ആഴംകൂട്ടൽ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. രണ്ടു കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി കനാൽ ഒരു മീറ്റർ ആഴം കൂട്ടും. 50 മീറ്റർ വീതിയുള്ള കനാലുകളുടെ അടിഭാഗത്തു നിന്നും ലഭിക്കുന്ന മണ്ണ് ഇരുവശത്തുമുള്ള ബണ്ടുകളിൽ നിക്ഷേപിക്കും.
വലിയ ബാർജറുകളിൽ ഘടിപ്പിച്ചിരിക്കുന്ന യന്ത്ര സഹായത്തോടെയാണ് മണ്ണ് നിക്ഷേപിക്കുന്നത്. ബണ്ടുകളിൽ നിക്ഷേപിക്കുന്ന മണ്ണ് നിരത്തി വാഹന ഗതാഗതത്തിന് സൗകര്യമൊരുക്കും. കൂടാതെ ബണ്ടിന്റെ ഉൾവശങ്ങൾ അടിച്ചു ബലപ്പെടുത്തും. 12 യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏനാമാവ് കോട്ടച്ചാൽ മുതൽ പൊണ്ണമുത വലിയ പാലം വരെ പദ്ധതി പൂർത്തീകരിച്ചു കഴിഞ്ഞു. മാടക്കാക്കൽ വരെ ചെമ്മീൻ ചാലിൽ പണി പുരോഗമിക്കുന്നുണ്ട്.
ഏനാമാക്കൽ ബേയ്‌സ് കനാൽ, പെരുമ്പുഴ, ചേറ്റുപുഴ, പുഴയ്ക്കൽ, എളവള്ളി മണച്ചാൽ, ചാത്തൻ കോൾ എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി കനാൽ ആഴംകൂട്ടി വൃത്തിയാക്കും. കെ.എൽ.ഡി.സി കൺസ്ട്രക്‌ഷൻ എൻജിനിയർ എ.ജി. ബോബൻ, പ്രോജക്ട് എൻജിനിയർ ടി. ദിനേശ്, അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ ജി. രവി, അസിസ്റ്റന്റ് എൻജിനിയർ വി.ജി. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നത്.
ചിമ്മിനി ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം ആഴ്ചകൾ കഴിഞ്ഞാണ് വാലറ്റ മായ എളവള്ളിയിൽ എത്തിച്ചേർന്നിരുന്നത്. കനാൽ ആഴം കൂട്ടുതോടെ നീരൊഴുക്കിന് വേഗം വർദ്ധിക്കും.
കനാൽ ആഴംകൂട്ടൽ മൂലം ജലനിധി കുടിവെള്ള വിതരണം തടസ്സപ്പെട്ടു
പാവറട്ടി: കെ.എൽ .ഡി.സി കനാൽ ആഴം കൂട്ടുന്നതിനാൽ എളവള്ളി ഗ്രാമ പഞ്ചായത്തിലെ ജലനിധി കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെട്ടു. യന്ത്രങ്ങൾ കനാലിലെ അടിഭാഗത്തെ മണ്ണെടുക്കുന്നത് മൂലം വെള്ളത്തിൽ കളിമണ്ണിന്റെ അംശം ലയിച്ചതാണ് വെള്ളം കലങ്ങുന്നതിന് കാരണമായത്.
വെള്ളം ടെസ്റ്റ് ചെയ്യുന്നതിനായി തൃശൂർ സർക്കാർ ലാബിൽ നൽകിയിട്ടുണ്ട്. പത്തു ദിവസത്തിനു ശേഷമേ റിസൽട്ട് ലഭിക്കുകയുള്ളൂ. അതു വരെയുള്ള കാലഘട്ടത്തിൽ ജലനിധിയിലൂടെ വിതരണം ചെയ്യുന്ന വെള്ളം പാചക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ജലനിധി സെക്രട്ടറി പി.എം. ജോസഫ് അറിയിച്ചു.
ജലനിധി കുടിവെള്ള വിതരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ വേനൽ ശക്തമാകുന്ന മുറയ്ക്ക് ടാങ്കർ വെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കായി പഞ്ചായത്ത് അടിയന്തര ഭരണസമിതി ചേർന്ന് ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഓരോ വാർഡിലും അത്യാവശ്യമായി വരുന്ന സമയത്ത് വിതരണം ചെയ്യേണ്ട സ്ഥലങ്ങൾ മെമ്പർമാരിൽ നിന്നും ശേഖരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രദേശങ്ങൾ സന്ദർശിച്ച് വരൾച്ചാ പ്രദേശങ്ങൾ ഉറപ്പുവരുത്തും.
ജലനിധി കുടിവെള്ളവിതരണം തകരാറിലായാൽ ഗുണഭോക്താക്കൾക്ക് വാടകയിൽ ഇളവ് നൽകുന്ന കാര്യം ജലനിധിയും പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിച്ച് അനുകൂല തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് ഉറപ്പുനൽകി.