ventilator

കൊടുങ്ങല്ലൂർ: കൊവിഡ് കാലത്ത് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ വെന്റിലേറ്റർ സംവിധാനം ഉപയോഗിക്കാതെ പൊടിപിടിക്കുന്നു. തീരമേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഇവിടെ മൂന്ന് വെന്റിലേറ്ററുകളാണ് ഉള്ളത്. എന്നാൽ വെന്റിലേറ്റർ ഘടിപ്പിക്കാൻ ഐ.സി.യുവോ പ്രവർത്തിപ്പിക്കാൻ വിദഗ്ദ്ധ പരിശീലനം നേടിയ ജീവനക്കാരോ ഇല്ല. ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വെന്റിലേറ്ററുകൾ ലഭ്യമാക്കിയത്. എന്നാൽ ഇവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊടുങ്ങല്ലൂരിലെ ചില സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്റർ ഉണ്ടെങ്കിൽ കൂടി ഇവിടങ്ങളിൽ കൊവിഡ് ചികിത്സയില്ല. കൊവിഡ് വ്യാപന കാലത്ത് രോഗികൾക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ടി വരും. ഈയിടെ ഉദ്ഘാടനം ചെയ്ത ബഹുനില കെട്ടിടത്തിൽ ഐ.സി.യു ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.