തൃശൂർ: കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 13,481 കൊവിഡ് കേസുകൾ. സർക്കാർ കണക്കുപ്രകാരം ഒരാഴ്ച്ചയ്ക്കിടെ 25 പേർക്ക് ജീവൻ നഷ്ടപെട്ടു. പൂരദിനമായ വെള്ളിയാഴ്ച ആയിരുന്നു ഏറ്റവും കൂടിയ പ്രതിദിന ബാധ. 2952 പേർക്കാണ് അന്ന് കൊവിഡ് ബാധിച്ചത്. ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ ഒരാഴ്ച മുമ്പത്തെ കണക്ക് പ്രകാരം 1600 വരെ പ്രതിദിന രോഗികൾ വരാമെന്നായിരുന്നുവെങ്കിൽ ആ കണക്കുകൂട്ടലുകൾ കാറ്റിൽ പറത്തുന്ന കണക്കാണ് ഇപ്പോഴത്തേത്.
ദിനംപ്രതി റെക്കാഡ്
ഏപ്രിൽ 21 മുതൽ 23വരെ ദിനംപ്രതി റെക്കാഡ് തിരുത്തിയുള്ള രോഗബാധയാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയിൽ ആദ്യ നാലു ദിവസങ്ങളിൽ മാത്രം 7329 പേർക്കാണ് രോഗം ബാധിച്ചത്. ഏപ്രിൽ 18ന് 1780 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അത് ജില്ലയിലെ ഏറ്റവും വലിയ കൊവിഡ് കണക്കായിയിരുന്നു. 19ന് മാത്രമാണ് ഇതിൽ തന്നെ 1500ൽ താഴെ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ 20ന് അത് വീണ്ടും 1868 ആയി ഉയർന്നു. 21ന് വീണ്ടും കുതിച്ചുയർന്ന് 2,293ലെത്തി. 22ന് 2,781ഉം 24ന് 2584 രോഗികളാണ് പ്രതിദിനം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 18,517 കൊവിഡ് കേസുകളാണ്. 42,233 പേർ ജില്ലയിൽ നിലവിൽ ക്വാറന്റീനിലുണ്ട്. 2334 പേർ ആശുപത്രിയിലും 13 പേർ വെൻറിലേറ്ററിലുമുണ്ട്. 11,292 പേരെ പരിശോധിച്ചതിൽ നിന്നാണ് ഞായറാഴ്ച 2871 രോഗം സ്ഥിരീകരിച്ചത്.
ചട്ടം പാലിക്കാതെ ജനം
കൊവിഡ് വ്യാപനം എല്ലാ അതിർവരമ്പുകളും ഭേദിക്കുമ്പോഴും പെരുമാറ്റച്ചട്ടം പാലിക്കാതെ ജനം. രാത്രി ഒമ്പതിന് ശേഷം ഏർപ്പെടുത്തിയ കർഫ്യൂ പോലും ജനം മുഖവിലയ്ക്ക് എടുക്കുന്നില്ല. കർഫ്യൂ ആരംഭിച്ച ആദ്യദിനത്തിൽ ശക്തനിൽ യാതൊരു മാനദണ്ഡവുമില്ലാതെ ലോഡ് ഇറക്കുന്ന അമ്പതോളം ചുമട്ടു തൊഴിലാളികളെ കളക്ടർ എസ്. ഷാനവാസ് കൈയ്യോടെ പിടികൂടിയിരുന്നു.എന്നാൽ ശനി,ഞായർ ദിവസങ്ങളിൽ സർക്കാർ നടപ്പിലാക്കിയ കുടുത്ത നിയന്ത്രണങ്ങളോട് ജനം അനുകൂലമായാണ് പ്രതികരിച്ചത്.
മരണം
ജനുവരി -63
ഫെബ്രുവരി - 45
മാർച്ച്- 59
ഏപ്രിൽ 21വരെ -38