തൃശൂർ: കൈഞരമ്പ് മുറിച്ച നിലയിൽ കാറിൽ കണ്ടെത്തിയ സീരിയൽ നടൻ ആദിത്യൻ ജയന്റെ ആരോഗ്യനില തൃപ്തികരം. വാർഡിലേക്ക് മാറ്റിയ ആദിത്യനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കൂടുതൽ പരിശോധനാ ഫലം ലഭിച്ച ശേഷം ഉടൻ ആശുപത്രി വിടാനായേക്കും. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് സ്വരാജ് റൗണ്ടിലെ നായ്ക്കനാലിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിലേക്കുള്ള വഴിയിലെ കാനയിൽ വീണ നിലയിൽ കാർ കണ്ടെത്തിയത്.
അപകടത്തിൽപെട്ടതാണെന്ന് കരുതി നാട്ടുകാർ ഓടിക്കൂടി. കൈത്തണ്ടയിൽ രക്തം വാർന്ന നിലയിലായിരുന്നു. ഉടൻ പൊലീസെത്തി ജനറൽ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി. പത്ത് ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി.
കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാരോട് ആദിത്യൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ആദിത്യനും നടിയും ഭാര്യയുമായ അമ്പിളി ദേവിയും തമ്മിൽ നിലനിന്ന അസ്വാരസ്യങ്ങൾ അടുത്തിടെ സാമൂഹികമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.