theft

തൃശൂർ: ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ എറണാകുളത്തേക്ക് കൊടുത്തുവിട്ട മൂന്നരക്കോടി രൂപ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഒമ്പത് പേർ പിടിയിൽ. മൂന്നുപേർ പിടിയിലാകാനുണ്ട്. ഇവർ സ്ഥിരം കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണെന്നും രാഷ്ട്രീയബന്ധം ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. പ്രതികളുമായി തെളിവെടുപ്പ് നടത്തി.

ഒളിവിലായിരുന്ന അഞ്ചുപേരെ ഇന്നലെ പുലർച്ചെ എറണാകുളം കാക്കനാട്ടു നിന്നാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നാലു പേരെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഞായറാഴ്ച പിടികൂടിയിരുന്നു. ഏഴു പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടു പേർ സഹായികളുമാണ്. പിടികൂടാനുള്ള മൂന്ന് പേരാണ് അപകടവും കവർച്ചയും ആസൂത്രണം ചെയ്തത്.
രണ്ട് പേർ തലശേരി, കണ്ണൂർ സ്വദേശികളാണ്. തലശേരി സ്വദേശി ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണ്. തൃശൂർ കോടാലി സ്വദേശിയെ സംഘം കൂടെക്കൂട്ടിയതാണ്. പദ്ധതി വിജയിച്ചതോടെ ഇയാൾക്ക് 10 ലക്ഷം നൽകിയെന്ന് പൊലീസ് പറഞ്ഞു. ബാക്കി തുക കോഴിക്കോട്ടുവച്ച് വീതംവച്ചു. രാഷ്ട്രീയപാർട്ടി ഏതാണെന്ന് പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
തൃശൂർ എറണാകുളം ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ എത്തിയപ്പോൾ പണവുമായി പോയ കാർ നിറുത്തിയെങ്കിലും തൊട്ടു പിന്നിലുണ്ടായിരുന്ന ഗുണ്ടകൾ സഞ്ചരിച്ചിരുന്ന കാർ, ടോൾപ്ലാസയിലെ ബാരിയറിൽ തട്ടി പാഞ്ഞുപോയി. ഈ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഗുണ്ടാസംഘം വാഹനത്തെ പിന്തുടർന്നുവെന്ന് പൊലീസ് ഉറപ്പാക്കിയത്. തട്ടിക്കൊണ്ടുപോയ കാറും ഗുണ്ടകൾ വന്ന മൂന്നു കാറുകളിൽ ഒരു കാറും കണ്ടെത്തി.

കൊടകര ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. മൂന്നരക്കോടി രൂപ കാറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് വിവരം. പക്ഷേ, 25 ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. ഇത് ഭൂമി ഇടപാടിനായി കൊണ്ടുവന്നതാണെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് എത്തിച്ച കണക്കിൽപ്പെടാത്ത പണമാണെന്നും മൂന്നരക്കോടിയുണ്ടെന്നും വ്യക്തമായത്. പാലക്കാട്ടും ദേശീയപാർട്ടിയുടെ കണക്കിൽപ്പെടാത്ത പണം തട്ടിയെടുക്കാൻ ആസൂത്രണം നടന്നിരുന്നു. കാർ ഡ്രൈവർ അപകടമുണ്ടാക്കേണ്ട സ്ഥലം ഏതാണെന്ന് ചോദിച്ച് അയച്ച മൊബൈൽ സന്ദേശം മറ്റൊരാൾക്ക് ലഭിച്ചതോടെയാണ് പൊലീസിന് വിവരം കിട്ടിയത്.