തൃശൂർ: കിടക്ക ലഭ്യമല്ലാത്തതിനാൽ കൊവിഡ് രോഗികൾക്ക് തറയിൽ കിടത്തി ചികിത്സ നൽകേണ്ടി വന്നതിന്റെ പിന്നാലെ, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് പരിശോധനകളിൽ സുരക്ഷാമാനദണ്ഡം പാളുന്നു. പരിശോധനയ്ക്ക് സ്രവം എടുക്കുന്നത് ഭൂരിഭാഗവും പൊസിറ്റീവ് ആയേക്കാവുന്ന രോഗികൾ കൂട്ടം കൂടി നിന്നാണ്. ഉടനെ അറിയുന്ന ആന്റിജൻ പരിശോധനകളും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കുള്ള സ്രവവും ഇവിടെ ശേഖരിക്കുന്നുണ്ട്.
അതേസമയം, കൊവിഡ് ബ്ലോക്കിലെ നാല് വാർഡുകളിലായുള്ള 280 കിടക്കകളും രോഗികളെ കൊണ്ടു നിറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഐ.സി.യുവിൽ ഒരു രോഗിയെ പോലും അധികമായി കിടത്താൻ കഴിയാത്ത വിധം 42 കിടക്കകളും മുഴുവൻ സമയവും നിറഞ്ഞു. അത്യാസന്ന നിലയിലാകുന്ന രോഗികളെ കിടത്താൻ കൂടുതൽ ഐ.സി.യു സൗകര്യം ഒരുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. 80 വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജിലുണ്ട്. കൊവിഡ് വാർഡുകളിലെ ഓരോ കിടക്കയ്ക്കരികിലും കേന്ദ്രീകൃത സംവിധാനത്തിലൂടെ ഓക്‌സിജൻ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനാൽ വെന്റിലേറ്ററിൽ കയറ്റാതെ കൂടുതൽ രോഗികൾക്ക് ഓക്‌സിജൻ നൽകാനാകുന്നുണ്ടെന്നും അധികൃതർ പറയുന്നു.
ശരാശരി 300 യൂണിറ്റുമായി ഓക്‌സിജൻ പ്ലാന്റ് ഒരാഴ്ചയ്ക്കകം
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിദിനം ശരാശരി 300 യൂണിറ്റ് ലഭ്യമാക്കാവുന്ന പുതിയ ഓക്‌സിജൻ ഉൽപാദന പ്ലാന്റ് ഒരാഴ്ചയ്ക്കകം പ്രവർത്തിക്കും. കേന്ദ്ര സർക്കാർ അനുവദിച്ച ഒന്നരക്കോടിയാണ് ഇതിനായി വിനിയോഗിക്കുക. പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ വിതരണ കമ്പനികളെ ആശ്രയിക്കാതെ ആവശ്യമായ ഓക്‌സിജൻ കുറഞ്ഞ ചെലവിൽ ആശുപത്രിയിൽ ഉൽപാദിപ്പിക്കാം. കൊവിഡ് ചികിത്സയ്ക്ക് അത്യാവശ്യമായ വെന്റിലേറ്ററുകളുടെ ക്ഷാമമാണ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ വഴിയൊരുക്കിയത്.
രക്തദാനത്തിന് തയ്യാറാവണം
18 വയസിന് മുകളിലുള്ളവർ വാക്‌സിൻ എടുത്ത് തുടങ്ങിയാൽ ഉടനെ രക്തം ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ബ്ലഡ് ബാങ്കുകളിൽ രൂക്ഷമായ ക്ഷാമം ഉണ്ടാകുവാൻ ഉള്ള സാഹചര്യം തിരിച്ചറിഞ്ഞ് ജില്ലയിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുൻകൂട്ടി രക്തം ദാനം ചെയ്യണമെന്നും ഡി.സി.സി. പ്രസിഡന്റ് എം.പി വിൻസെന്റ് നിർദ്ദേശിച്ചു. ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം ആരംഭിക്കുകയും അതത് മണ്ഡലങ്ങളിലെ പൊതു ജനങ്ങളെ സഹായിക്കുന്നതിനായി സൗജന്യ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കാനും നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ സർവ കക്ഷിയോഗം വിളിക്കാനും ഡി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു.