കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് മുനമ്പം ഹാർബർ അടച്ചതോടെ അഴീക്കോട് മിനി ഹാർബറിൽ തിരക്കേറി. പ്രധാന മത്സ്യ ബന്ധന കേന്ദ്രമായ മുനമ്പം ഹാർബർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അടച്ചത്. മുനമ്പത്ത് മത്സ്യ വിപണനം തടസ്സപ്പെട്ടതോടെ ബോട്ടുകൾ കൂട്ടമായി അഴീക്കോട് മിനി ഹാർബറിലെത്തി തുടങ്ങി.
തിരക്ക് നിയന്ത്രണാതീതമാകുന്നത് സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് തടസമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മിനി ഹാർബറിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിൽ കൂടി അവരുടെ നിയന്ത്രണത്തിനും അപ്പുറത്താണ് അഴീക്കോട്ടെ തിരക്ക്. വള്ളങ്ങൾ മാത്രം വന്നെത്താറുള്ള അഴീക്കോട് മിനി ഹാർബറിൽ നിരവധി ബോട്ടുകൾ ഒന്നിച്ചടുക്കുന്നതിനുള്ള സ്ഥലസൗകര്യമില്ല.
ഈ സാഹചര്യത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ജില്ലയ്ക്കകത്തും പുറത്തും നിന്നുമുള്ള ബോട്ടുകൾ യാതൊരു നിബന്ധനയുമില്ലാതെ വന്നെത്തുന്നത് ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.