പുതുക്കാട്: എച്ച്.എം.എൽ മുപ്ലി കുണ്ടായി എസ്റ്റേറ്റ് തൊഴിലാളികൾ സമരത്തിലേക്കെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിരമിച്ച തൊഴിലാളികൾക്ക് ഇതേവരെ ഗ്രാറ്റുവിറ്റി നൽകാൻ കമ്പനി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് അടുത്തമാസം 10ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

2019, 20, 21 വർഷങ്ങളിൽ ജോലിയിൽ നിന്ന് വിരമിച്ച 65 തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കാനുള്ളത്. റബർ മരങ്ങൾ മുറിച്ചു വിറ്റശേഷം ലഭിക്കുന്ന പണം ഗ്രാറ്റുവിറ്റിയായി നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പു നൽകിയിരുന്നെങ്കിലും കമ്പനി വാക്കു പാലിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു. നിലവിലുള്ള എല്ലാ നിയമങ്ങളും എഗ്രിമെന്റുകളും കമ്പനി അട്ടിമറിക്കുകയാണ്. എസ്റ്റേറ്റുകളിൽ 100 കണക്കിന് ഒഴിവുകളുണ്ടെങ്കിലും പതിറ്റാണ്ടുകളായി ജോലി ചെയ്തു വരുന്നവരുടെ ആശ്രിതർക്ക് തൊഴിൽ നൽകാതെ കമ്പനി കരാർ നിയമനം നടത്തുകയാണ്. കമ്പനിയിലെ ഒഴിവുകളിൽ ആശ്രിത നിയമനം നടത്തണം. ശമ്പള വർധന കരാർ ഒപ്പിട്ടിട്ട് വർഷങ്ങളായിട്ടും കുടിശ്ശിക ഇതുവരെ കൊടുത്ത് തീർന്നിട്ടില്ലെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യങ്ങളിലടക്കം തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സംയുക്ത ട്രേഡ് യൂണിയനുകൾ സമരം നടത്തുന്നത്. വാർത്താസമ്മേളനത്തിൽ നേതാക്കളായ, പി.ജി. വാസുദേവൻ നായർ, ആന്റണി കുറ്റൂക്കാരൻ, പി. ഗോപിനാഥൻ, പി.ജി. മോഹനൻ, എം.കെ. തങ്കപ്പൻ എന്നിവർ പങ്കെടുത്തു.