മറ്റത്തൂർ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ മറ്റത്തൂർ പഞ്ചായത്ത് തല അവലോകന യോഗം ചേർന്നു. പ്രസിഡന്റ് അശ്വതി വിബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷർ, സെക്ടറൽ മജിസ്‌ട്രേട്ട്, ആരോഗ്യം, പൊലീസ് വകുപ്പുകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആർ.ആർ.ടികളെ ശക്തിപ്പെടുത്തുന്നതിനും വാർഡ് തല പ്രതിദിന അവലോകന യോഗം ചേരുന്നതിനും യോഗം നിർദ്ദേശിച്ചു. സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് സൗകര്യമില്ലാത്തവർക്കുവേണ്ടിയുള്ള ഡൊമിസൈൽ കെയർ സെന്ററിന്റെ സംഘാടന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. കൊവിഡ് രോഗപ്പകർച്ച തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഒന്നിടവിട്ട ദിവസങ്ങളിൽ ഓൺലൈൻ അവലോകനയോഗം നടത്തുന്നതിനും യോഗം തീരുമാനിച്ചു. പനി റിപ്പോർട്ട് ചെയ്ത ആദിവാസി കോളനിയിൽ പ്രത്യേക രജിസ്‌ട്രേഷൻ ഇല്ലാതെ ഡി.എം.ഒ മുഖേന വാക്‌സിൻ നൽകാനും രണ്ടാഴ്ചക്കാലം കുടുംബശ്രീയുടേത് ഉൾപ്പെടെയുള്ള മീറ്റിംഗുകളും മറ്റു ഒത്തുചേരലുകളും നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. ആഴ്ചയിൽ മൂന്ന് തവണ എങ്കിലും ഓൺ ലൈൻ ആയി പഞ്ചായത്ത് തല കൊവിഡ് അവലോകന യോഗം ചേരാനും തീരുമാനമായി.