1
തെക്കുംകര പഞ്ചായത്തിലെ മുണ്ടകൻ കൃഷി വിത്തിടൽ പ്രസിഡന്റ് ടി.വി. സുനിൽകുമാർ നിർവഹിക്കുന്നു

വടക്കാഞ്ചേരി: തെക്കുംകര കൃഷിഭവന്റെ കീഴിൽ പുന്നംപറമ്പ് പാടശേഖരത്ത് 25 വർഷങ്ങൾക്ക് ശേഷം വിരിപ്പ് കൃഷിക്ക് തുടക്കമായി. ആദ്യകാലത്ത് മുണ്ടകൻ കൃഷി മാത്രം ചെയ്തു വന്നിരുന്ന 75 ഏക്കർ പാടശേഖരത്താണ് ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ വിരിപ്പ് കൃഷിക്ക് തുടക്കമിട്ടത്.

തെക്കുംകര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ സഹകരണത്തോടെയാണ് വീണ്ടും കർഷകർ വിരിപ്പ് കൃഷിയിലേക്ക് ഇറങ്ങുന്നത്. പുന്നംപറമ്പ് പാടശേഖരത്തിന് പുറമെ കേറ്റിപാടം പാടശേഖരവും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. പഞ്ചായത്തിന്റെ പൂർണ്ണ സഹകരണത്തോടെ കൃഷിക്ക് ആവശ്യമായ മുഴുവൻ വിത്തും സൗജന്യമായാണ് കർഷകർക്ക്‌ നൽകുന്നത്. കൃഷിക്ക് ആവശ്യമായ കീടനാശിനികളായ ഡോളോമൈറ്റ്, സമ്പൂർണ്ണ, സ്യൂഡോമോണാസ് എന്നിങ്ങനെയുള്ള വളങ്ങൾ സബ്‌സിഡി നിരക്കിലും കർഷകർക്ക് നൽകിയാണ് പഞ്ചായത്ത് വിരിപ്പ് കൃഷിക്ക് പുന്നംപറമ്പിൽ പുതുജീവൻ നൽകുന്നത്.

പൂർണ്ണമായും തെക്കുംകര കൃഷി ഓഫീസറുടെ മേൽനോട്ടത്തിലാണ് വിരിപ്പ് കൃഷിക്ക് തുടക്കമിട്ടത്.

വിരിപ്പ് കൃഷിയുടെ വിത്തിടൽ കർമ്മം പുന്നംപറമ്പ് പാടശേഖരത്ത് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അശ്വനി കണ്ണൻ, പി.ആർ. രാധാകൃഷ്ണൻ, കൃഷി ഓഫീസർ ജിൻസി ജോസഫ്, പാടശേഖര സമിതി ഭാരവാഹികളായ ടി.കെ. സദാനന്ദൻ, കെ. ശാന്തീന്ദ്രൻ, ഗോപിദാസൻ, ടി.ഡി. വിത്സൻ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതി വിജയിച്ചാൽ അടുത്ത വർഷം പഞ്ചായത്തിലെ 16 പാടശേഖരങ്ങളിലും വിരിപ്പ് കൃഷി ആരംഭിക്കും.

- ജിൻസി ജോസഫ് (തെക്കുംകര കൃഷി ഓഫീസർ)