ചാലക്കുടി: നഗരസഭ പരിധിയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി നഗരസഭയിലെ സ്വതന്ത്ര കൗൺസിലർമാർ ചെയർമാന് കത്ത് നൽകി. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആവശ്യവുമായി വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവർ രംഗത്തെത്തിയത്. കഴിഞ്ഞ എട്ടുമാസം മുമ്പ് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ തീവ്ര പരിചരണം ആവശ്യമില്ലാത്ത കൊവിഡ് രോഗികളെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്ററിലാണ് പ്രവേശിപ്പിച്ചിരുന്നുത്. ഇന്ന് ഇങ്ങനെയുള്ള രോഗികൾ സ്വന്തം വീടുകളിൽ കഴിയുന്നു. ഒറ്റമുറിയുള്ളവയും കനാൽ പുറമ്പോക്കുകളിലേതുമടക്കം കൊച്ചു വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാതിരിക്കെ ജനങ്ങൾ വലിയ ദുരിതം നേരിടുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരക്കാർക്ക് ചികിത്സ ലഭിക്കാൻ എത്രയും വേഗം സെന്റർ ആരംഭിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.