തൃശൂർ: കൊവിഡ് വ്യാപനം ഓരോ ദിവസം ചെല്ലും തോറും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഇതിനോടകം 20 ലേറെ പഞ്ചായത്തുകളിൽ 144 പാസാക്കി കഴിഞ്ഞു. വകുപ്പുകളെ ഏകോപിപ്പിച്ച് സജ്ജീകരണങ്ങളൊരുക്കാൻ തീരുമാനിച്ചു. ജില്ലയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നാണ് അധികൃതർ പറയുന്നതെങ്കിലും ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ചു എണ്ണം ഇനിയും ഉയരുമെന്നാണ് കരുതുന്നത്. കണ്ടെയിൻമെന്റ് സോണുകളിൽ കർശന നിയന്ത്രങ്ങൾ ഉണ്ടായിരിക്കും. 144 പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഈ മേഖലകളിൽ ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല.
പ്രഥമ പരിഗണന വീട്ടിലെ ചികിത്സയ്ക്ക്
രോഗികളുടെ എണ്ണം കൂടുതലാണ്.പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകണം. വാർഡുതല പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണം. വീടുകളിൽ തുടരാൻ കഴിയുന്നവർ ആ രീതിയിൽ തുടരുകയെന്നതിനാണ് പ്രാധാന്യം നൽകുന്നത്. അത്തരത്തിൽ തുടരാൻ കഴിയാത്തവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കണം.
ആർ.ആർ. ടി. ഊർജിതമാക്കും
വാർഡുതലത്തിൽ ആർ.ആർ.ടികൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവ അതത് പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ദിനംപ്രതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. ആവശ്യമായ സാഹചര്യത്തിൽ ജനകീയ ഹോട്ടലുകൾ മുഖേന ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തണം. കുടുംബശ്രീ, ആശാപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിവരുടെ സഹായങ്ങളും സഹകരണങ്ങളും ഏറെ ആവശ്യമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പ്രതിരോധത്തിനായി ആയുർവേദ, ഹോമിയോ മരുന്നുകൾ വിതരണം നടത്താൻ നടപടി സ്വീകരിക്കും. ജില്ലയിലെ ആദിവാസി മേഖലകളിലടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
ടെസ്റ്റുകൾ നടത്തും
റെയിൽവേ സ്റ്റേഷനുകളിൽ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ ടെസ്റ്റുകൾ നടത്താനുള്ള ക്രമീകരണം നടത്തും. ബസുകളുടെ സർവ്വീസുകൾ കൂടുതലായി അനവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പൊലീസ് കൂടുതലായി പരിശോധിക്കണമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് ആവശ്യപ്പെട്ടു.