മാള: മറ്റ് സംസ്ഥാനങ്ങളിൽ അനായാസം നടക്കുമ്പോൾ, സ്റ്റോക്കില്ലാത്തതിനാൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ കേരളത്തിൽ നടക്കുന്നില്ല. കേന്ദ്ര കുടുംബ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വെബ്സൈറ്റിലൂടെയും കൊവിൻ ആപിലൂടെയുമാണ് നിലവിൽ രജിസ്ട്രേഷൻ നടത്തുന്നത്.
സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്ന വാക്സിൻ ശേഖരത്തിന് ആനുപാതികമായാണ് രജിസ്ട്രേഷൻ നടക്കുക. എന്നാൽ വാക്സിൻ ലഭ്യമല്ലാത്തതിനാലാണ് സൈറ്റിൽ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. ആവശ്യമായ വാക്സിൻ ലഭിച്ചാലേ സൈറ്റ് പൂർണമായി തുറന്നുകൊടുത്ത് സുഗമമായ രജിസ്ട്രേഷൻ നടത്താനാകൂവെന്നും അവർ വിശദീകരിക്കുന്നു. അതേസമയം തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി അടുത്ത ഒരാഴ്ചയിലേക്ക് വാക്സിൻ രജിസ്ട്രേഷൻ നടത്താനാകും. പക്ഷേ കേരളത്തിൽ എല്ലാ ജില്ലകളിലും രജിസ്ട്രേഷൻ സൗകര്യം ലഭ്യമല്ലെന്നാണ് സൈറ്റിൽ കാണിക്കുന്നത്.
തമിഴ്നാട്ടിൽ തിരുപ്പൂരിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടുത്ത ദിവസങ്ങളിലേക്ക് ശരാശരി 50 പേർക്കുള്ള വാക്സിൻ വരെ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ അടുത്ത രണ്ട് ദിവസത്തേക്ക് രജിസ്ട്രേഷൻ ശേഷിക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിലേക്കുള്ള വാക്സിൻ രജിസ്ട്രേഷനും ലഭ്യമാണ്. തെലങ്കാനയിൽ അടുത്ത ദിവസങ്ങളിലേക്ക് 100 മുതൽ 300 വരെ ഡോസ് വാക്സിൻ ഇപ്പോഴും ലഭ്യമാണ്. കേരളത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമല്ലാത്തതിനാൽ പല കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കാനാകുന്നില്ലെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
രജിസ്ട്രേഷന് സൈറ്റിൽ കയറി നോക്കിയപ്പോഴാണ് ഇന്ന് മുതൽ അടുത്ത ദിവസങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ വാക്സിൻ ലഭ്യമാകുന്നത് അറിഞ്ഞത്. കേരളത്തിൽ ഒരു ജില്ലയിലും അടുത്ത ദിവസങ്ങളിലേക്ക് രജിസ്ട്രേഷനില്ല. കേരളത്തിൽ മാത്രം രജിസ്ട്രേഷൻ ലഭിക്കുന്നില്ലെന്നും വാക്സിൻ സ്റ്റോക്കില്ലെന്നുമാണ് സൈറ്റിൽ നിന്ന് ലഭ്യമാകുന്ന വിവരം. വാക്സിനായി തിക്കും തിരക്കും മൂലം കൊവിഡ് വ്യാപിക്കും.
പി.ഡി രാജേഷ്
പൂപ്പത്തി
ജില്ലയിൽ ആവശ്യമുള്ളത് ഒരു ദിവസം 35,000 ഡോസ് വാക്സിനാണ്. ഇന്നലെ ഉണ്ടായിരുന്നത് 2000 ഓളം ഡോസ് വാക്സിനാണ്. ജില്ലയിൽ 121 സർക്കാർ ഹെൽത്ത് സെന്ററുകളിലും 41 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിൻ നൽകേണ്ടത്. ഇന്നലെ 4400 ഡോസ് കൊവാക്സിൻ ലഭിച്ചതിൽ രണ്ടാം ഡോസായി 2100 വിതരണം ചെയ്യും.
ഡോ. ജയന്തി
തൃശൂർ ഡെപ്യൂട്ടി ഡി.എം.ഒ
(വാക്സിൻ ചുമതലയുള്ളയാൾ)