covid

തൃശൂർ : ജില്ലയെ ആശങ്കയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഈ മാസം 30,000 കവിഞ്ഞു. കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കൊവിഡ് വ്യാപനമുണ്ടായ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലയിൽ 26,127 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഏപ്രിൽ അവസാനിക്കാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ, രോഗികളുടെ എണ്ണം 30,000 ന് മുകളിലെത്തി.

രോഗവ്യാപനം ഈ നിലയിൽ തന്നെ തുടരുകയാണെങ്കിൽ അത് ഈ മാസം 50,000 ന് അടുത്തെത്താനുള്ള സാദ്ധ്യതയും ആരോഗ്യ വകുപ്പ് തള്ളിക്കളയുന്നില്ല. വിഷുവരെ 700 ൽ താഴെ മാത്രം രോഗികളുണ്ടായിരുന്നത് പിന്നീട് ആയിരവും രണ്ടായിരവും പിന്നിട്ട് ഇന്നലെ മൂവായിരം കടന്നു. ഏപ്രിൽ 1 മുതൽ 17 വരെ 6,326 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ബാക്കിയുള്ള 12 ദിവസത്തിനുള്ളിൽ കാൽ ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രണ്ടാം തരംഗം ഭീതി പരത്തുന്ന വിധത്തിലാണ് പടരുന്നത്. ഇന്നലെ 3097 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,969 പേരെ പരിശോധിച്ചതിലാണ് ഇത്രയും പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. പൊസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലെത്തി.

ഭീതിദമായ അവസ്ഥയിലേക്ക്

കഴിഞ്ഞ ഒക്ടോബറിലെ എണ്ണം 26,127

2021 ഏപ്രിൽ 27 വരെ 31,505

ഏപ്രിൽ 1 മുതൽ 17 വരെ 6,326

18 മുതൽ 27 വരെ 25,179

വാക്‌സിനായി നെട്ടോട്ടം

രോഗവ്യാപനം കൂടിയതോടെ പ്രതിരോധത്തിനായി വാക്‌സിനെടുക്കാൻ ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. വാക്‌സിൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ ഉച്ചയോടെ തന്നെ വാക്‌സിൻ തീർന്നു. ഇന്ന് വാക്‌സിനേഷൻ തടസപ്പെടാനുള്ള സാഹചര്യവുമുണ്ട്. ഇന്ന് കൂടുതൽ വാക്‌സിനെത്തുമെന്ന പ്രതീക്ഷയാണ് ആരോഗ്യ വകുപ്പിനുള്ളത്. അതേസമയം വാക്‌സിൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അറുപത് വയസ് കഴിഞ്ഞവർക്കുള്ള രണ്ടാം ഡോസ് എടുക്കേണ്ട സമയം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആവശ്യമായ വാക്‌സിൻ ഇല്ലാത്തത് ആരോഗ്യ വകുപ്പ് അധികൃതരെ പ്രതിസന്ധിയിലാക്കുന്നു. മെഡിക്കൽ കോളേജിലും ജവഹർ ബാലഭവനിലും മാത്രമാണ് നിലവിൽ വാക്‌സിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുള്ളൂ.


മാർക്കറ്റുകളിലെ തൊഴിലാളികൾക്ക് ഇന്ന് കൂട്ട പരിശോധന

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മാർക്കറ്റിലെ തൊഴിലാളികളിൽ കൊവിഡ് പരിശോധന കർശനമാക്കി. മാർക്കറ്റുകൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങൾ ആകാതിരിക്കുന്നതിനാണ് തൊഴിലാളികളിൽ അടിയന്തരമായി പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവർത്തകരോട് മാർക്കറ്റിലെ തൊഴിലാളികൾ സഹകരിക്കാത്ത സഹചര്യത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ യോഗം വിളിച്ചത്. അരിയങ്ങാടി, ജയ്ഹിന്ദ്, ശക്തൻ മാർക്കറ്റുകളിലെ മുഴുവൻ തൊഴിലാളികളെയും പരിശോധിക്കും.


മാർക്കറ്റിലെ തൊഴിലാളികൾ സഹകരിച്ചില്ലെങ്കിൽ മാർക്കറ്റ് അടച്ചിടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. 26ന് 13 തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ തൊഴിലാളികളും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം

എസ്. ഷാനവാസ്
കളക്ടർ