രണ്ട് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ കുത്തിയിരിപ്പ് പ്രതിഷേധം
മാള: പൊതുമരാമത്ത് വകുപ്പ് പൂപ്പത്തിയിൽ നിർമ്മിച്ച കലുങ്കിൽ അപകടങ്ങൾ പതിവാകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് അധികൃതരെ സമീപിച്ചു. ഇതുസംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നാണ് പ്രസിഡന്റ് ഡെയ്‌സി തോമസ് പൊതുമരാമത്ത് അധികൃതരെ കണ്ടത്. രണ്ട് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ കുത്തിയിരിപ്പ് നടത്തുമെന്ന് പ്രസിഡന്റ് അധികൃതരെ അറിയിച്ചു. പൂപ്പത്തി വലിയപറമ്പ് പൊതുമരാമത്ത് റോഡിൽ ഏരിമ്മൽ ക്ഷേത്രത്തിന് മുന്നിലെ കലുങ്കിലാണ് അപകടം പതിവായിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് മാസമായി സത്യനും ജിബീഷിനും ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നുവെന്നും വീടിന് സമീപത്തെ റോഡിൽ പൊതുമരാമത്ത് ഒരുക്കിയ കെണിയിൽ ഇരകളായ യാത്രക്കാർ വീഴുന്നത് പതിവാണെന്നുള്ള വാർത്തയിലാണ് ഇടപെടൽ ഉണ്ടായിട്ടുള്ളത്. രാത്രി ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ അപകടത്തിൽ വീണ് കിടക്കുന്നവരെയാണ് കാണുന്നത്. പിന്നെ അവരെ താങ്ങിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതും ഇവരുടെ ചുമതലയാണ്. മൂന്ന് മാസത്തിനിടയിൽ പത്തിലധികം പേരാണ് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് റോഡിന് കുറുകെ ഒരു കാന നിർമ്മിച്ചതാണ് വിനയായത്. കാനയുടെ ഭാഗം ക്രമാതീതമായി ഉയരത്തിലായതാണ് അപകടത്തിന് ഇടയാക്കുന്നത്. മുന്നറിപ്പ് സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഇവിടെ വേഗതയിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ ചാടി തെറിച്ചു പോകുന്നതാണ് പതിവ്. പകൽ അപകടങ്ങൾ താരതമ്യേനെ കുറവാണ്. എന്നാൽ രാത്രിയായാൽ അവസ്ഥ വളരെ മോശമാണ്. അശാസ്ത്രീയമായി നിർമ്മിച്ച കാനയുടെ ഉയർച്ച നേരത്തെ തന്നെ പരാതിക്കിടയാക്കിയിരുന്നു. ഇവിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പത്തോളം യാത്രക്കാർക്കായി ലക്ഷങ്ങളാണ് ചികിത്സാ ചെലവായി വന്നിട്ടുള്ളത്.