തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മാർക്കറ്റിലെ തൊഴിലാളികളിൽ കൊവിഡ് പരിശോധന കർശനമാക്കി കളക്ടർ എസ് ഷാനവാസ്. ജില്ലയിൽ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ രോഗവ്യാപന കേന്ദ്രങ്ങളാകാതിരിക്കാനാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

തിങ്കളാഴ്ച മാർക്കറ്റിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിയ ആരോഗ്യ പ്രവർത്തകരോട് മാർക്കറ്റിലെ തൊഴിലാളികൾ സഹകരിക്കാത്ത സഹചര്യത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ യോഗം വിളിച്ചത്. മാർക്കറ്റിലെ തൊഴിലാളികൾ പരിശോധനയ്ക്ക് സഹകരിച്ചില്ലെങ്കിൽ മാർക്കറ്റ് അടച്ചിടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.

26ന് 13 തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ തൊഴിലാളികളും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് കളക്ടർ നിർദേശിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ എല്ലാ തൊഴിലാളികളും ടെസ്റ്റിന് സഹകരിക്കാമെന്ന് സംഘടനാ പ്രതിനിധികൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മാർക്കറ്റിൽ ടെസ്റ്റ് നടത്തും.

അരിയങ്ങാടി, ജയ് ഹിന്ദ്, ശക്തൻ മാർക്കറ്റുകളിലെ മുഴുവൻ തൊഴിലാളികളെയും പരിശോധിക്കും. ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ഓൺലൈനായി നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ പി.എ. പ്രദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീന, കോർപറേഷൻ സെക്രട്ടറി വിനു പി. കുഞ്ഞപ്പൻ, കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ എ. നിസാർ, ജില്ലാ ലേബർ ഓഫീസർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.