തൃശൂർ: ദേശീയപാർട്ടിയുടെ മൂന്നരക്കോടി തട്ടിയ കേസിൽ ചില മുതിർന്ന പൊലീസുകാർക്കും പങ്കെന്ന് സംശയം. മൂന്ന് പൊലീസുകാരാണ് സംശയനിഴലിലായത്. ഒരാൾ പൊലീസ് മെഡൽ ലഭിച്ച ഉദ്യോഗസ്ഥനാണെന്നും പറയുന്നു.

പണവുമായി കാർ തൃശൂർ വഴി കടന്നുപോകുന്നുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു പ്രതികൾ പൊലീസുകാരോട് ആവശ്യപ്പെട്ടത്. കാർ ചാലക്കുടി വഴി പോകുകയാണെങ്കിൽ ഇടപെടേണ്ടതില്ലെന്ന് ഇവർക്ക് നിർദ്ദേശം ലഭിച്ചുവെന്നും പറയുന്നു. അറസ്റ്റിലായ പ്രതികളിലൊരാൾ നൽകിയ സൂചനയെ തുടർന്ന് ആഭ്യന്തരതല അന്വേഷണം നടത്തിയെന്നാണ് വിവരം.

അറസ്റ്റിലായ പ്രതികളിൽ പ്രമുഖനാണ് പൊലീസുകാരുമായി ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. പിന്തുണ ഉറപ്പാക്കാനായി പതിനായിരം രൂപ പൊലീസുകാരന് നൽകിയെന്നും ആരോപണമുണ്ട്. തട്ടിപ്പിൽ പങ്കാളികളായ മൂന്ന് പ്രതികളെ തെരയുന്നുണ്ട്. ഇവർ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിലാണ്. ഇവരെ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായാണ് ചേർത്തത്.

അറസ്റ്റിലായ ഏഴ് പ്രതികളെയും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാറിൽ കടത്തിക്കൊണ്ട് പോയിരുന്ന 25 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കമ്പിപ്പാരയും ആക്രമത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.