വടക്കാഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് മെമ്പർമാരുടെയും, വാർഡ് തല റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളുടെയും സംയുക്ത യോഗം തെക്കുംകര പഞ്ചായത്ത് ഹാളിൽ ചേർന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യം യോഗം വിലയിരുത്തി.
നിയന്ത്രണങ്ങൾ സംബന്ധിച്ച് സെക്ടറൽ മജിസ്‌ട്രേറ്റ് വിശദീകരിച്ചു. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്നത് ഉറപ്പു വരുത്താൻ നടപടിയെടുക്കും. അടിയന്തര സാഹചര്യത്തിൽ ആവശ്യ സർവീസിനായി വാർഡുകളിലെ ആർ.ആർ.ടി അംഗങ്ങൾക്ക് ഐ ഡി കാർഡുകൾ അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഉമാലക്ഷ്മി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. സജീന്ദ്രൻ, സെക്രട്ടറി ടി. അരുൺ ജോൺ, കൊവിഡ് സെക്ടറൽ മജിസ്‌ട്രേറ്റ് ടി.എ. സമീറ, വാർഡ് അംഗങ്ങൾ, ആർ.ആർ.ടി അംഗങ്ങൾ പങ്കെടുത്തു.