നഗരസഭ ഒന്നാം വാർഡ് പറപ്പുള്ളിയിൽ എൽ.ഡി.എഫ് സ്ഥാപിച്ച ബോർഡ് തകർത്ത നിലയിൽ
കൊടുങ്ങല്ലൂർ: നഗരസഭ ഒന്നാം വാർഡിൽ ബി.ജെ.പി അല്ലാത്ത ഒരു പാർട്ടിയുടെയും പ്രവർത്തനം അനുവദിക്കില്ലെന്ന ധാർഷ്ട്യം അനുവദിക്കാൻ കഴിയില്ലെന്ന് സി.പി.ഐ ലോകമലേശ്വരം ലോക്കൽ സെക്രട്ടറി പി.ബി. ഖയിസ് പറഞ്ഞു. പറപ്പുള്ളിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിക്കുന്ന ബി.ജെ.പി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രചരണ ബോർഡുകളും കൊടികളും സ്ഥിരമായി നശിപ്പിക്കപ്പെടുകയാണ്. ഏറ്റവും ഒടുവിലായി തിങ്കളാഴ്ച രാത്രിയിൽ സി.പി.ഐയുടെയും കോൺഗ്രസിന്റെയും കൊടികളും എൽ.ഡി.എഫിന്റെ ബോർഡും തകർത്തു. സ്ഥിരമായി ഇത്തരം പ്രവർത്തനങ്ങൾ നടത്തി നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് പി.ബി ഖയസ് ആവശ്യപ്പെട്ടു.
അതെ സമയം പ്രദേശത്തുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിവിധ രാഷ്ട്രീയ കക്ഷികൾക്ക് നോട്ടീസ് നൽകി. പൊതു സ്ഥലങ്ങളിലും റോഡുകളിലും ഇലട്രിക് പോസ്റ്റുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പ്രചരണ സാമഗ്രികൾ എടുത്തു മാറ്റണമെന്നാണ് പൊലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.