തൃശൂർ: കുഞ്ഞുങ്ങൾക്ക് പഞ്ചതന്ത്രം കഥകൾ പറഞ്ഞു കൊടുത്ത, 'നെയ്പായസ'വും 'തങ്കക്കിങ്ങിണി'യും 'മഞ്ചാടിക്കുരു'വും 'മിഠായിപ്പൊതി'യും 'കുടമണി'കളും 'മുത്തുസഞ്ചി'യും നീട്ടിയ മുത്തശ്ശി. എന്നും എക്കാലവും കുഞ്ഞുങ്ങളുടെ മുത്തശ്ശിയായിരുന്നു സുമംഗല.

കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലാതാകുന്നുവെന്നും അകാലത്തിൽ അവർക്ക് പക്വത വരുന്നുവെന്നും വ്യാകുലപ്പെട്ട മുത്തശ്ശി. ഒടുവിൽ വേദനയോടെ പറഞ്ഞു, 'കുട്ടികൾക്ക് വേണ്ടി ഇനിയൊന്നും എഴുതുന്നില്ല... '

ഒരിക്കൽ ഒരോണക്കാലത്ത്, കുഞ്ഞുങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ സുമംഗല കേരളകൗമുദിയുമായി പങ്കുവെച്ചതും ആ ആകുലതകളായിരുന്നു.

കാർട്ടൂണുകളുടെയും വീഡിയോ ഗെയിമുകളുടെയും ഓൺലൈൻ കളികളുടെയും ലോകത്ത് ആണ്ടുപോയ ബാല്യത്തെക്കുറിച്ച് സങ്കടത്തോടെ സുമംഗല പറഞ്ഞു. 'മനുഷ്യന്റെ കഥകളൊന്നും കുട്ടികൾക്ക് വേണ്ടാതായല്ലോ. അവർക്ക് വേണ്ടത് ഞങ്ങൾ എഴുതുന്നതൊന്നും അല്ലെന്ന് ഒരു പത്രാധിപർ തന്നെ ഓർമ്മിപ്പിച്ചു. കുട്ടികൾ വായിക്കാനില്ലെങ്കിൽ എഴുതിയിട്ട് കാര്യമില്ലല്ലോ. അങ്ങനെ എഴുത്തു നിറുത്തി.

എഴുതുമ്പോൾ മനസിൽ ഒരു കുട്ടിയുണ്ടാകും. കുട്ടിക്കാലത്തെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നത് ഒറ്റപ്പാലത്തെ വെളളിനേഴി ഒളപ്പമണ്ണ മനയിലാണ്. ഓണക്കാലത്ത്, ഓണവില്ലുമായി, പേനാക്കത്തിയുമായി, വെളളിപ്പാത്രവുമായി, ഓലക്കുടകളുമായി ഇല്ലത്ത് വരുന്ന കുറെ മനുഷ്യരുണ്ട്.

അവർ സമ്പാദിച്ചതിലൊരു വിഹിതം പങ്കിടുന്ന നാളാണ് ഓണം. എല്ലാവർക്കും സദ്യ,​ ഓണക്കോടി,​ സ്‌നേഹം. അങ്ങനെയാരു കൊടുക്കൽ വാങ്ങൽ സംസ്‌കാരത്തിലാണ് നമ്മൾ വളർന്നത്. നമുക്ക് ഉള്ളത് മറ്റുള്ളവർക്ക് കൊടുത്താലേ നിലനിൽക്കൂ. അങ്ങനെ നാട്ടിൻപുറത്തെ കുറെ മനുഷ്യരുടെ അനുഭവങ്ങൾ കഥകളാവാതെ ശേഷിക്കുന്നുണ്ട്.

അതെല്ലാം കേൾക്കാൻ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ താൽപര്യമില്ലല്ലോ. അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? നമുക്ക് അവർക്കായി ചെലവഴിക്കാൻ നേരംണ്ടോ? എല്ലാം റെഡിമെയ്ഡായി മുന്നിലെത്തും. മൊബൈലിൽ എന്താണില്ലാത്തത്? അമാനുഷരെയാണ് അവർക്കിഷ്ടം. പുതിയ കാലത്തിന്റെ പ്രത്യേകതയാകാം..

മകൾക്കായാണ് കഥകൾ ഉണ്ടാക്കാൻ തുടങ്ങിയത്, 25 വയസുള്ളപ്പോൾ. പുരാണകഥകൾ പറഞ്ഞു തീർന്നപ്പോൾ സ്വന്തമായൊരു കഥ ഉണ്ടാക്കി പറഞ്ഞു കൊടുത്തു. അത് കുട്ടികൾക്കെല്ലാം ഇഷ്ടമായി. പിന്നെ കഥകൾ പ്രസിദ്ധീകരിച്ചു.

സ്വന്തം പേരിൽ എഴുതാനിഷ്ടമല്ലായിരുന്നു. എഴുതുന്നവരെ അംഗീകരിച്ചില്ലെങ്കിലോ എന്ന് സംശയിച്ചു. ഭർത്താവ് അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെ ഇല്ലമായ ദേശമഗംലത്തിന്റെ 'മംഗല'യെടുത്തു.

മുന്നിൽ സു ചേർത്ത് സുമംഗലയായി. ആദ്യം ആരോടും പറഞ്ഞില്ല താനാണ് സുമംഗലയെന്ന്. ഒടുവിൽ അച്ഛനോട് പറഞ്ഞു, എല്ലാവരും അങ്ങനെ സുമംഗലയെ അറിഞ്ഞുതുടങ്ങി...'

കുഞ്ഞുങ്ങൾക്കായി കഥകൾ മനസിൽ ഒരുപാടുണ്ടായിട്ടും ഒടുവിൽ സുമംഗല മുത്തശ്ശി വിടവാങ്ങുകയാണ്. ഇനി ഇങ്ങനെയൊരു മുത്തശ്ശിയില്ല. ഇങ്ങനെയൊരു ബാലസാഹിത്യകാരിയുമില്ല....