ചാലക്കുടി: മേലൂരിൽ കൊവിഡ് ബാധ അതിരൂക്ഷം. ബുധനാഴ്ച മുതൽ ഒരാഴ്ച പഞ്ചായത്ത് പ്രദേശം സമ്പൂർണ ലോക്ക് ഡൗണാക്കും. വൈറസ് ബാധിതരുടെ എണ്ണം 400 ആയി ഉയർന്ന സാഹചര്യത്തിലാണ് കർശന നടപടികളെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത പറഞ്ഞു.
ജനങ്ങളുടെ ദൈനംദിന ജീവിതം തടസപ്പെടാതിരിക്കാൻ ബുധനാഴ്ച രാവിലെ 11 വരെ പലചരക്ക്, പച്ചക്കറി അടക്കമുള്ള പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിന് കടകൾ പ്രവർത്തിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മെഡിക്കൽ ഷോപ്പ്, മിൽമ കേന്ദ്രങ്ങൾ, റേഷൻ കടകൾ, പകുതി സമയം ബാങ്കുകൾ എന്നിവ മാത്രമേ പ്രവർത്തിക്കൂ.
ബുധനാഴ്ച മാത്രം പഞ്ചായത്ത് പരിധിയിൽ തൊണ്ണൂറ് പേരിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെയുള്ള രോഗികളുടെ കൂടെ സമ്പർക്ക കേസുകളുമുണ്ടായാൽ പിന്നീടത് നിയന്ത്രണാതീതമായി മാറുമെന്ന് ആരോഗ്യ വകുപ്പ് ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്.