ചാലക്കുടി: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിന് ചാലക്കുടിയിൽ ആവേശോജ്വലമായ പ്രതികരണം. വ്യത്യസ്ത മേഖലയിൽപെട്ട മൂന്നു പേരാണ് സ്വർണ്ണവും ചെക്കും നൽകി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. പോട്ടയിലെ വടക്കൻ തോമസ് തന്റെ ഒരു പവൻ തൂക്കുള്ള വിവാഹ മോതിരമാണ് ബി.ഡി. ദേവസി എം.എൽ.എയെ ഏൽപ്പിച്ചത്.

കുലയിടത്തെ കെ.ജെ. എൻജിനിയറിംഗ് ഉടമ കുറ്റിക്കാട് സ്വദേശി കെ.ഡി. ആന്റു അമ്പതിനായിരം രൂപയുടെ ചെക്ക് കൈമാറി. കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനായ പടിഞ്ഞാറെ ചാലക്കുടി കളക്കാട്ടുകാരൻ കെ.എം. ഷാജിയും മുഖ്യമന്ത്രിയുടെ വാക്‌സിന്റെ ഫണ്ടിന് കൈത്താങ്ങായി. തന്റെ ശമ്പളത്തിന്റെ പാതി തുകയായ 12,000 രൂപയുടെ ചെക്കാണ് എം.എൽ.എയെ ഏൽപ്പിച്ചത്.

കെ.എസ്.ആർ.ടി.സിയിലെ റിട്ട. ജീവനക്കാരനായ തോമസ് ഒരു പവന്റെ പകുതി തുകയാണ് നൽകാൻ ആലോചിച്ചത്. നിർദ്ധനനായ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ രണ്ടു ലക്ഷം രൂപ നൽകിയ വാർത്ത അറിഞ്ഞപ്പോൾ പിന്നെ രണ്ടുവട്ടം ചിന്തിച്ചില്ല. 47 വർഷം മുമ്പ് ഭാര്യ ഓമന കൈവിരലിൽ അണിയിച്ച മോതിരം ഊരിനൽകുകയായിരുന്നു.

ആന്റുവിനും ഷാജിക്കും കാരുണ്യ പ്രവൃത്തിക്ക് പ്രചോദമായതും കണ്ണൂർക്കാരൻ ജനാർദ്ദൻ തന്നെ. സി.പി.എം ചാലക്കുടി ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി, ഡെന്നീസ് കെ. ആന്റണി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.