ചാലക്കുടി: കൊവിഡ് രണ്ടാം തരംഗത്തിൽ ജീവിതത്തിന്റെ താളം തെറ്റി വഴിയോര കച്ചവടക്കാർ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി,​ വാഴച്ചാൽ,​ തുമ്പൂർമുഴി എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ നിരവധി പേരാണ് കച്ചവടങ്ങൾക്കായി തമ്പടിച്ചിരുന്നത്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിരുന്നു. തുടർന്ന് ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു. സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതോടെ ഇത്തരം കച്ചവടക്കാരാണ് പ്രതിസന്ധിയിലായത്. നാട്ടുകാരിൽ നിന്നുള്ള കച്ചവടം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കരിക്ക്, പഴങ്ങൾ, വിവിധ ജ്യൂസ് തുടങ്ങിയവയാണ് പ്രധാനമായും വിറ്റഴിക്കപ്പെടുന്നത്. കച്ചവടം നാമമാത്രമായതോടെ വരുമാനവും നിലച്ചു. സമീപ പ്രദേശങ്ങളിലുള്ള കച്ചവടക്കാർ ഉപജീവനത്തിനായി മറ്റു വഴികൾ തേടി പോകുന്ന സ്ഥിതിയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്നത്. നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ഇവയെല്ലാം നശിച്ചുപോകുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് കച്ചവടക്കാ‌ർ.

രണ്ടാഴ്ച മുമ്പുവരെ അറുപതിലധികം കരിക്കുകൾ ദിനംപ്രതി വിറ്റിരുന്നു. ഇപ്പോൾ പത്തും പതിനഞ്ചിലും ഒതുങ്ങി. മറ്റിനങ്ങളുടെ വിൽപ്പനയും സമാന രീതിയിലാണ്.

ജോസ് പുല്ലോക്കാരൻ

കൊന്നക്കുഴി