ചാലക്കുടി: കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ബന്ധുവീടുകളിലേക്ക് മാറി താമസിച്ച മൂന്ന് കുടുംബങ്ങൾക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചാണ് കേസ്. ഇവരെ മാറ്റി താമസിപ്പിച്ച കുടുംബങ്ങളോട് ക്വാറന്റൈനിൽ ഇരിക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു. കൊവിഡ് പ്രോട്ടോക്കോൾ തെറ്റിക്കുന്നവർക്കെതിരെ തുടർന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പഞ്ചായത്തിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഈ വാർഡുകളിൽ ഈയാഴ്ച മാത്രം 92 പൊസിറ്റീവ് രോഗികളും, 339 പ്രാഥമിക സമ്പർക്കമുള്ളവരെയും കണ്ടെത്തിയിട്ടുണ്ട്. കൊരട്ടി എൽ.പി.എസിൽ പ്രാദേശിക കൊവിഡ് ചികിത്സാ കേന്ദ്രം ഈ ആഴ്ച ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു അറിയിച്ചു. 50 കിടക്കകളുള്ള ചികിത്സാ കേന്ദ്രമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.