തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം ദിവസം ചെല്ലുന്തോറും കുതിച്ചുയരുമ്പോഴും സൗകര്യങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ആരോഗ്യ വിഭാഗം. ഇന്നലെ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. ഇതോടെ ഈ മാസം മാത്രം 30000 തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ സർക്കാർ ആശുപത്രികളിലായി 2593 കിടക്കകളാണുള്ളത്. 1093 ഫംഗ്ഷണൽ കിടക്കളും വിവിധ സർക്കാർ ആശുപത്രികളിലുണ്ട്. 512 ഓക്സിജൻ സഹായം ലഭിക്കുന്ന ബെഡുകൾ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജ് അടക്കം സർക്കാർ ആശുപത്രികളിൽ സജ്ജമാണ്. 172 തീവ്ര പരിചരണ ഐ.സി.യുകളും 66 ഐ.സി.യുകളും 98 ഐ.സി.യു വെന്റിലേറ്ററുകളും സർക്കാർ ആശുപത്രികളിലുണ്ട്. വിവിധ വിഭാഗങ്ങളിലായി 131 വെന്റിലേറ്ററുകൾ വേറെയുമുണ്ട്. മെഡിക്കൽ കോളജ് കൂടാതെ തൃശൂർ, ഇരിങ്ങാലക്കുട ജനറൽ ആശുപത്രികൾ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ചാവക്കാട് താലൂക്ക് ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 1436 കിടക്കകൾ
കുടുംബാരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്. ഇതിൽ തന്നെ ഇതിൽ തന്നെ 1436 കിടക്കകളാണ് തൃശൂർ ഗവ. മെഡിക്കൽ കേളജിലുള്ളത്. ഓക്സിജൻ സഹായമുള്ള 285 കിടക്കകളുമുണ്ട്. 127 ഐ.സി.യുവും 27 അതിതീവ്ര ഐ.സി.യുവും ഒപ്പം 73 വെൻറിലേറ്ററുകളും സജ്ജമാണ്. 89 ഇതര വെന്റിലേറ്ററുകളും മെഡിക്കൽ കോളജിലുണ്ട്. തൃശൂർ ജനറൽ ആശുപത്രിയിൽ 240 കിടക്കകളാണുള്ളത്. ഇത്രതന്നെ ഫംഗ്ഷണൽ കിടക്കളും ഒരുക്കിയിട്ടുണ്ട്. 15 ഓക്സിജൻ സഹായ ബെഡുകളുമുണ്ട്. അതേസമയം, സ്വകാര്യ ആശുപത്രികളിൽ 767 ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാണ്.
മെഡിക്കൽ കോളേജിൽ രോഗികൾ നിറയുന്നു
അതേ സമയം മെഡിക്കൽ കോളേജിൽ ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുകയാണ്. കൊവിഡിന് പുറമെ മറ്റ് ഗുരുതര രോഗം ഉള്ളവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. എന്നാൽ അവർക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികൾ ഉയരുന്നുണ്ട്. മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ ഇരിക്കുന്നവരിൽ മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്ക ഉയർത്തുന്നു. സീനിയർ ഡോക്ടർമാർ ആരും തന്നെ കൊവിഡ് വാർഡുകളിൽ പ്രവേശിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പി. ജി. ഡോക്ടർമാർക്ക് ഫോണിലൂടെ നിർദ്ദേശം നൽകുകയാണ് ചെയ്യുന്നതെന്നും പറയുന്നു.