sumangala

തൃശൂർ: പഞ്ചതന്ത്രകഥകളുടെ കഥാകാരി സുമംഗലക്ക് നാടിന്റെ യാത്രാമൊഴി. കുമാരനല്ലൂരിൽ വീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി.

കുട്ടിക്കാലം മുതൽ പുസ്തകങ്ങളെ ഏറെ പ്രണയിച്ച കഥകാരിയായിരുന്നു സുമംഗല. കുട്ടികൾക്കായി അമ്പതിലേറെ പുസ്തകങ്ങൾ എഴുതിയ സുമംഗലക്ക് ചെറുപ്പം മുതൽ തന്നെ എഴുത്തിനോടും പുസ്തകങ്ങളോടും ഏറെ പ്രിയമായിരുന്നു. എത്ര പുസ്തകങ്ങൾ ആവശ്യപ്പെട്ടാലും വേദജ്ഞനും ബിരുദധാരിയുമായ അച്ഛൻ വാങ്ങി നൽകുമായിരുന്നു. ഇംഗ്ലീഷും സംസ്കൃതവും അച്ഛൻ തന്നെ പഠിപ്പിച്ചു. പത്തു മക്കളായിരുന്നെങ്കിലും അച്ഛന് ഒരല്പം സ്നേഹക്കൂടുതൽ തന്നോട് ആയിരുന്നുവെന്ന് സുമംഗല പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ആ കാലഘട്ടത്തിൽ വള്ളത്തോൾ മിക്കപ്പോഴും വീട്ടിൽ വരും. അച്ഛൻ അക്കാലത്ത് കലാമണ്ഡലം ഭരണ സമിതി അംഗമായിരുന്നു. കലാമണ്ഡലത്തിൽ നിന്ന് വീട്ടിലെത്തുന്ന പലരും അച്ഛനോട് സാഹിത്യപരമായ കാര്യങ്ങൾ സംസാരിക്കുന്നതും എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് പിച്ചവയ്ക്കാൻ സഹായകരമായി. കവി ഒളപ്പമണ്ണ ബന്ധുവാണ്. സാഹിത്യ ചർച്ചകളിൽ അദ്ദേഹവും പങ്കാളിയാകുന്നതിൽ ലഭിച്ച അനുഭവവും സാഹിത്യ യാത്രയിൽ ഏറെ ഗുണം ചെയ്തിരുന്നുവെന്നും അവർ പറഞ്ഞിട്ടുണ്ട്.

ഒറ്റപ്പാലത്തെ പത്താം ക്ലാസ് പഠന ശേഷം ഉടൻ തന്നെ വിവാഹിതയായി. ഭർത്താവ് പുറത്തു പോയി വരുമ്പോഴെല്ലാം ആഴ്ചപ്പതിപ്പുകളും വാരികകളും കൊണ്ടുവരും. നഷ്ടപ്പെടുമെന്ന് ഭയന്നതെല്ലാം തിരികെ കിട്ടിയതോടെ വീണ്ടും വായനയിലേക്കെത്തി. മൂത്ത മകൾക്ക് എട്ട് വയസുള്ളപ്പോഴാണ് കഥയെഴുത്ത് ആരംഭിച്ചത്. എന്നും ഉറങ്ങാൻ നേരം മകൾക്ക് കഥ കേൾക്കണം. വീട്ടിലെ പൂച്ചയെ പറ്റിയെഴുതിയതാണ് ആദ്യ കഥ. കുറിഞ്ഞിയും കൂട്ടുകാരും. പുഴക്കരയിലെ വീട്, രഹസ്യം, കള്ളനോട്ട്, നെയ്പ്പായസം, മഞ്ചാടിക്കുരു, മിഠായിപ്പൊതി തുടങ്ങി നിരവധി കുഞ്ഞു കഥകളെഴുതി.

പൂമ്പാറ്റയുടെ ഉടമയും പ്രതാധിപരുമായിരുന്ന പി.എ. വാരിയർ കുടുംബ സുഹൃത്തായിരുന്നു. സുമംഗലയുടെ കഥകൾ സ്വന്തം കുട്ടികൾക്ക് മാത്രമല്ല മറ്റു കുട്ടികൾക്കും വായിക്കണമെന്ന് പറഞ്ഞ് കഥകൾ പൂമ്പാറ്റയിൽ കൊടുത്തു തുടങ്ങി. ഇതിനിടെ മുതിർന്നവർക്കും വേണ്ടി എഴുതണമെന്ന് ചിലർ പറഞ്ഞു. അങ്ങനെയാണ് പഞ്ചസ്ത്രീരത്നങ്ങളെ കുറിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഭക്തപ്രിയയിൽ എഴുതിയത്.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കുട്ടികൾക്കായുള്ള സമ്മാനപ്പൊതിയിലേക്കും കുറെയെഴുതി. ഡി.സി കിഴക്കേമുറിയാണ് പഞ്ചതന്ത്രം വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടത്. 1965ൽ ആണത്. ഒരു വർഷത്തിനകം പ്രസിദ്ധീകരിച്ച പഞ്ചതന്ത്രം 30 എഡിഷൻ വരെ ഇറങ്ങി. എഴുതിത്തുടങ്ങിയ സമയത്ത് ലീലയെന്ന സ്വന്തം പേരിൽ എഴുതാൻ മടിയായിരുന്നു. എഴുത്ത് നന്നായില്ലെങ്കിൽ അച്ഛൻ വിമർശിക്കും. അത് ഒഴിവാക്കാനാണ് സുമംഗലയെന്ന തൂലികാനാമം സ്വീകരിച്ചത്. മറ്റു പല പേരുകളും മുന്നിലുണ്ടെങ്കിലും കൂട്ടുകാരി രാധാ പത്മനാഭനാണ് സുമംഗലയെന്ന് നിർദ്ദേശിച്ചത്. വേളി കഴിച്ചു കൊണ്ടുവന്ന ദേശമംഗലം ഇല്ലത്തെ മംഗലം കടമെടുത്ത് സുമംഗലയാക്കുകയായിരുന്നു.