black-money-

തൃശൂർ: ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനായി എറണാകുളത്തേക്ക് അയച്ചതെന്ന് കരുതുന്ന മൂന്നരക്കോടിരൂപ തട്ടിയെടുത്ത സംഭവത്തിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തിയ റഷീദിനെ പൊലീസ് തെരയുന്നു.

പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട കോഴിക്കോട്ടെ അബ്കാരിയായ ധർമ്മരാജനെ തൃശൂരിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് അന്വേഷണസംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. റഷീദ് ഒളിവിലാണ്. തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ ഷംജീറിനെയും ചോദ്യംചെയ്തു. കാറിൽ ഷംജീറിന്റെ സഹായിയായി റഷീദ് ഉണ്ടായിരുന്നു. ഷംജീറിനെയും റഷീദിനെയും പ്രതി ചേർത്തേക്കും. ഷംജീർ തങ്ങിയ തൃശൂരിലെ ലോഡ്ജിലെ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു.

ധർമ്മരാജിന് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.

സംഭവത്തിലെ രാഷ്ട്രീയബന്ധം പറയാറായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും റൂറൽ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. പ്രതികളുടെ ഫോൺലിസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവമുണ്ടായ ഉടൻ പ്രതികൾ ആദ്യം ഫോണിൽ വിളിച്ചത് രാഷ്ട്രീയ നേതാവിനെ ആയിരുന്നുവെന്ന് പറയുന്നു. പിടിയിലാകാനുള്ള മൂന്നു പേരെ കൂടി കിട്ടിയാൽ രാഷ്ട്രീയ ബന്ധം അറിയാനാകുമെന്നും പൊലീസ് പറഞ്ഞു. തൃശൂർ എറണാകുളം ദേശീയപാതയിലെ കൊടകരയിൽ വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയെന്ന് ധർമ്മരാജന്റെ ഡ്രൈവറായ ഷംജീറാണ് പൊലീസിൽ പരാതി നൽകിയത്.

കാറുകളിലെത്തിയ സംഘം വ്യാജ അപകടമുണ്ടാക്കി 25 ലക്ഷം രൂപയടങ്ങുന്ന കാർ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്ക് കവർന്നു എന്നായിരുന്നു ഷംജീറിന്റെ പരാതി.

കാറിൽ ഇതിൽ കൂടുതൽ പണം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസം ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. കുഴൽപ്പണ കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്. അതിനിടെ, പാലക്കാട് പാളിപ്പോയ കുഴൽപ്പണ തട്ടിപ്പ് ഇടപാടിനെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. നാലുകോടിയോളം തട്ടിയെടുക്കാനുള്ള പദ്ധതിയാണ് ഇവിടെ പൊളിഞ്ഞത്. ഡ്രൈവറുടെ സന്ദേശം പൊലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്.


പൊലീസുകാരന് സസ്‌പെൻഷൻ

കുഴൽപ്പണക്കവർച്ചക്കേസിലെ പ്രതിയിൽ നിന്ന് മറ്റൊരു കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. പ്രതി മാർട്ടിനിൽ നിന്ന് പണം വാങ്ങിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനൂപ് ലാലനെയാണ് റൂറൽ എസ്.പി സസ്‌പെൻഡ് ചെയ്തത്. അറസ്റ്റിലായ മാർട്ടിനെ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്. മാർട്ടിൻ പ്രതിയായ കഞ്ചാവ് കേസ് ഒതുക്കാമെന്ന് അറിയിച്ച് 30,000 രൂപയാണ് അനൂപ് ലാലൻ വാങ്ങിയത്. വകുപ്പ്തല അന്വേഷണത്തിലാണ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്.

23 ലക്ഷവും സ്വർണവും പിടിച്ചു

കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് 23.34 ലക്ഷവും സ്വർണവും കണ്ടെത്തി. കേസിൽ ഒമ്പതാം പ്രതിയായ തൃശൂർ വേളൂക്കര കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ബാബു (39) വീട്ടിൽ ഒളിപ്പിച്ച പണമാണ് പിടിച്ചെടുത്തത്. മൂന്ന് പവന്റെ ആഭരണവും കേരള ബാങ്കിൽ ആറ് ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രേഖയും അന്വേഷണ സംഘം കണ്ടെത്തി. കാറുകളിലെത്തിയ സംഘം കൊടകരയിൽ വാഹനാപകടമുണ്ടാക്കി 25 ലക്ഷം രൂപ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്ക് കവർന്നുവെന്നാണ് കേസ്.